KERALA
രാജ്യം ഭരിക്കുന്നവർ സാധാരണക്കാരന്റെ നോവ് അറിയുന്നില്ല. അതുകൊണ്ടാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിൽ നിൽക്കുന്നതെന്നും പിണറായി

രാജ്യം ഭരിക്കുന്നവർ സാധാരണക്കാരന്റെ നോവ് അറിയുന്നില്ല. അതുകൊണ്ടാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിൽ നിൽക്കുന്നതെന്നും പിണറായി
പാലക്കാട് :രാജ്യത്ത് ഇടതുപക്ഷം മാത്രമാണ് ജനങ്ങളുടെ പ്രശ്‌നം മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം ഭരിക്കുന്നവർ സാധാരണക്കാരന്റെ നോവ് അറിയുന്നില്ല. അതുകൊണ്ടാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിൽ നിൽക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. സിപിഎം പാലക്കാട് ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് തുടങ്ങിവച്ച ജനദ്രോഹ നയങ്ങളുടെ തുടർച്ച, ബിജെപി സർക്കാരും കേന്ദ്രത്തിൽ തുടരുന്നു. കേന്ദ്രസർക്കാർ നയങ്ങൾ ജീവിതം ദുസ്സഹമാക്കുന്നു. ജീവൽ പ്രശ്‌നങ്ങൾ കേന്ദ്രം കാണുന്നില്ല. ഇവിടെ അതിസമ്പന്നർക്ക് മാത്രമാണ് ജീവിക്കാൻ എളുപ്പം. ജനത്തെ വർഗീയ വിദ്വേഷ വലയത്തിൽ ആക്കുന്നു. അടിസ്ഥാന പ്രശ്‌നങ്ങളെ മറയ്ക്കാനുള്ള സംഘപരിവാർ സൂത്രമാണത്.
വേണമെങ്കിൽ ബിജെപിയിലേക്ക് പോകും എന്നു പറഞ്ഞ വ്യക്തിയാണ് സംസ്ഥാനത്ത് കോൺഗ്രസിനെ നയിക്കുന്നത്. അത് നൽകുന്ന സന്ദേശം എന്താണ് എന്ന് കോൺഗ്രസ് ആലോചിച്ചിട്ടുണ്ടോ? സംസ്ഥാനത്ത് ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരം. പ്രക്ഷോഭങ്ങൾക്ക് ഒരേ സ്വഭാവം. പരസ്പരം ആലോചിച്ച് ചെയ്യുന്നതാണതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ പ്രാദേശിക നീക്കുപോക്ക് വേണം. വിട്ടു വീഴ്ചകൾ വേണം. അപ്പോൾ പണ്ട് വലിയ പാർട്ടി ആയിരുന്നു എന്നു പറഞ്ഞു അനാവശ്യ വാശി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.