KERALA
ഭക്തർ ഉപേക്ഷിക്കുന്ന ചുടുകല്ലിന്റെ കാര്യമാണ് മേയർ ഉദ്ദേശിച്ചതെന്ന് നഗരസഭ, പൊങ്കാല വിവാദത്തിൽ വിശദീകരണവുമായ് മേയർ

തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്ക് അടുപ്പ് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ചുടുകട്ടകൾ നഗരസഭയല്ലാതെ മറ്റാരെങ്കിലും ശേഖരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴയീടാക്കും എന്ന മേയർ ആര്യാ രാജേന്ദ്രന്റെ പ്രസ്‌താവന വിവാദമായതോടെ വിശദീകരണവുമായ് മേയർ രംഗത്ത്. ഭക്തർ പൊങ്കാലയ്ക്കായി കൊണ്ടുവരുന്ന ഏതൊരു വസ്‌തുവും തിരികെ കൊണ്ടുപോകാൻ അവർക്ക് എല്ലാ അവകാശവമുണ്ട്. എന്നാൽ അവർ ഉപേക്ഷിക്കുന്ന ചുടുകല്ല് ഉൾപ്പെടെയുള്ള വസ്തുവകകൾ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ചുമതലയും അധികാരവും കേരള മുൻസിപാലിറ്റി ആക്ട് 330 പ്രകാരം നഗരസഭയ്ക്കാണെന്ന് വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
വിശദീകരണത്തിന്റെ പൂർണരൂപം-‘
ആറ്റുകാൽ പൊങ്കലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകൾ ശേഖരിക്കുന്നതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. പൊങ്കാല സുഗമമായി അർപ്പിക്കുന്നതിനും ഭക്തർക്ക് നഗരത്തിൽ വന്നു തിരിച്ചുപോകുന്നതിനും എല്ലാ ക്രമീകരണങ്ങളും നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതുപോലെതന്നെ പ്രധാനമാണ് പൊങ്കാല അടുപ്പിനായി ഉപയോഗിക്കുന്ന ചുടുകല്ലുകൾ നീക്കം ചെയ്യുന്നതും. ഭക്തർ പൊങ്കാലയ്ക്കായി കൊണ്ടുവരുന്ന ഏതൊരു വസ്‌തുവും തിരികെ കൊണ്ടുപോകാൻ അവർക്ക് എല്ലാ അവകാശവമുണ്ട്. എന്നാൽ അവർ ഉപേക്ഷിക്കുന്ന ചുടുകല്ല് ഉൾപ്പെടെയുള്ള വസ്തുവകകൾ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ചുമതലയും അധികാരവും കേരള മുൻസിപാലിറ്റി ആക്ട് 330 പ്രകാരം നഗരസഭയ്ക്കാണ്.മുൻവർഷങ്ങളിൽ ഇത്തരത്തിൽ പൊങ്കാല അടുപ്പിന് ഉപയോഗിക്കുന്ന ചുടുകല്ലുകൾ ശേഖരിച്ച് മറിച്ച് വിൽക്കുന്ന ലോബികൾ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ഒഴിവാക്കുന്നതിനും കൂടാതെ ഇത്തരത്തിൽ ശേഖരിക്കുന്ന ചുടുകല്ലുകൾ പുനരുപയോഗിച്ച് മുൻഗണനാ ക്രമത്തിൽ വിവിധ ഭവനപദ്ധതികൾക്ക് (ലൈഫ് ഉൾപ്പെടെയുള്ള) ഉപയോഗപ്പെടുത്തുന്നതാണ്. ആയതിനാൽ നിലവിൽ നഗരസഭയ്ക്ക് എതിരെ നടക്കുന്ന വ്യാജപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ആറ്റുകാൽ പൊങ്കാലയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും സന്നദ്ധ സംഘടനകൾക്കും എല്ലാ പിന്തുണയും നൽകണമെന്നും അഭ്യർത്ഥിക്കുന്നു’.ലൈഫ് പദ്ധതിയിലടക്കം ഭവനനിർമാണത്തിനായി കട്ടകൾ ഉപയോഗിക്കാനാണ് നഗരസഭയുടെ തീരുമാനമെന്നാണ് കഴിഞ്ഞദിവസം മേയർ അറിയിച്ചത്.