Connect with us

KERALA

സ്ഥലംമാറ്റ ഉത്തരവ് വന്നതിനു പിന്നാലെ ‘പ്രതിഷേധ മുന’യുള്ള പോസ്റ്റുമായി എറണാകുളം കളക്ടര്‍

Published

on

കൊച്ചി: സ്ഥലംമാറ്റ ഉത്തരവ് വന്നതിനു പിന്നാലെ ‘പ്രതിഷേധ മുന’യുള്ള പോസ്റ്റുമായി എറണാകുളം കളക്ടര്‍ രേണുരാജ്. ‘നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനമാണ്. ‘നീ വെറും പെണ്ണാണ്’ എന്ന് പറയുന്നിടത്താണ് പ്രതിഷേധം’ എന്ന വരികളാണ് വനിതാ ദിനാശംസയായി കളക്ടര്‍ ബുധനാഴ്ച വൈകീട്ട് ഏഴരയോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
അതേസമയം ഏഴ് മാസവും 12 ദിവസവും ജില്ലയെ നയിച്ച കളക്ടര്‍ രേണു രാജിന് അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചത് ബുധനാഴ്ചയാണ്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ പിടിത്തത്തില്‍ കോര്‍പ്പറേഷനൊപ്പം ജില്ലാ ഭരണകൂടവും ‘പുകഞ്ഞു പുകഞ്ഞ് കത്തു’മ്പോഴാണ് രേണു രാജിനെ പുറത്തേക്ക് ചാടിച്ചത്. അതു വനിതാ ദിനത്തില്‍ തന്നെയായി. വയനാട് ജില്ലാ കളക്ടറായിട്ടാണ് നിയമനം. എന്‍.എസ്.കെ. ഉമേഷാണ് പുതിയ എറണാകുളം കളക്ടര്‍.
ഏഴ് ദിവസമായി ബ്രഹ്‌മപുരത്തെ തീയും പുകയും കൊച്ചിയെ ശ്വാസംമുട്ടിക്കുകയാണ്. തീയും പുകയും ശമിപ്പിക്കാന്‍ രേണു രാജിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും മറ്റും തീവ്രയജ്ഞം നടത്തുന്നതിനിടെ കളക്ടറെ സ്ഥലംമാറ്റിയതില്‍ കളക്ടറേറ്റ് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നു. ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ വനിതാ ദിനത്തിലെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധം പുക പോലെ നീറിപ്പരന്നു. അതേസമയം ദിവസങ്ങള്‍ പിന്നിട്ടിട്ടും തീയും പുകയും നിയന്ത്രിക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ചപറ്റിയെന്ന ആക്ഷേപവും ശക്തമാണ്.
സ്വമേധയാ കേസെടുത്ത ഹൈക്കോടതി ജില്ലാ കളക്ടര്‍ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. തീപ്പിടിത്തത്തില്‍ നിന്ന് കളക്ടര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു പറഞ്ഞ ഹൈക്കോടതി രണ്ടുദിവസം കൊണ്ട് തീ നിയന്ത്രിക്കുമെന്നു പറഞ്ഞിരുന്നോ എന്ന് ആരാഞ്ഞത് ജില്ലാ ഭരണകൂടത്തെ വെട്ടിലാക്കി.
തീപ്പിടിത്ത സാധ്യത നിലനില്‍ക്കുന്ന ബ്രഹ്‌മപുരത്ത് ഇതു മുന്നില്‍ കണ്ടുകൊണ്ടുള്ള ഇടപെടലുകള്‍ ജില്ലാ ഭരണകൂടം നടത്തിയില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ വര്‍ഷം ജൂലായ് 27-നായിരുന്നു ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറായി നിയമിച്ച മുന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കില്‍നിന്ന് രേണു രാജ് ചുമതല ഏറ്റെടുത്തത്.

Continue Reading