KERALA
പ്രതിപക്ഷ പ്രതിഷേധം തണുപ്പിക്കാൻ സർക്കാരിന്റെ ശ്രമം. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി സമവായ ചർച്ച നടത്തിയേക്കും.

തിരുവനന്തപുരം :നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തണുപ്പിക്കാൻ സർക്കാരിന്റെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി സമവായ ചർച്ച നടത്തിയേക്കും. ചർച്ചക്ക് മുന്നോടിയായി പാർലമെന്‍ററികാര്യ മന്ത്രി കെ.രാധാകൃഷ്ണൻ സതീശനുമായി കൂടിക്കാഴ്ച നടത്തി. ചർച്ചയ്ക്ക് തയാറാകണമെന്ന് സതീശനോട് ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് തയാറാണെങ്കിലും പ്രതിപക്ഷ ആവശ്യങ്ങളിൽ മാറ്റമില്ലെന്ന് സതീശൻ വ്യക്തമാക്കി.
അടിയന്തരപ്രമേയ നോട്ടിസ് അവതരണം, എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കുക, കെ.കെ.രമ എംഎൽഎയുടെ പരാതിയിൽ കേസെടുക്കുക എന്നീ ആവശ്യങ്ങളിൽനിന്ന് പിന്നോട്ടില്ലെന്ന് വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് തയാറാകണം എന്ന് മന്ത്രി ആവശ്യപ്പെട്ടപ്പോൾ, ചർച്ചയ്ക്ക് ഒരുക്കമാണെന്നും ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുമെന്നും സതീശൻ മറുപടി നൽകി.ഇനി മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടായിരിക്കും പ്രശ്ന പരിഹാരത്തിൽ നിർണായകമാകുക.