Connect with us

KERALA

എഐ ക്യാമറ ഇടപാടിൽ നടന്നത് വൻ കൊള്ള കണ്ണൂർ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ് ഇതിന് പിന്നിൽ ഊരാളുങ്കലുമായി ബന്ധമുണ്ട്.

Published

on

കൊച്ചി: എഐ ക്യാമറ ഇടപാടിൽ നടന്നത് വൻ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മന്ത്രിമാർക്ക് പോലും കരാർ കമ്പനികളെ കുറിച്ച് അറിയില്ലെന്നും കെ ഫോണിന് പിന്നിലുള്ളവരാണ് ഇതും നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

‘നികുതിക്കൊള്ള കാരണം വീ‌ർപ്പുമുട്ടിയിരിക്കുന്ന സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന മറ്റൊരു കൊള്ളയാണ് എഐ ക്യാമറ ഇടപാടിലൂടെ വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ ചെന്നിത്തല ഉന്നയിച്ച കാര്യങ്ങൾക്ക് സർക്കാ‌ർ വ്യക്തമായ മറുപടി നൽകിയിട്ടില്ല. കെൽട്രോണിന്റേത് പോലും വളരെ അവ്യക്തമായ മറുപടിയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മന്ത്രിസഭയിൽ വച്ച കാബിനറ്റ് നോട്ടിൽ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും കരാറും ഉപകരാറും കൊടുത്തിട്ടുള്ള കമ്പനികളെ കുറിച്ചുള്ള വിവരങ്ങൾ മറച്ചു വച്ചിരിക്കുകയാണ്. മന്ത്രിമാർക്ക് പോലും ഇതറിയാൻ വഴിയില്ല. കെൽട്രോൺ നേരിട്ടാണ് പദ്ധതി നടത്തിയത്. എസ്ആർഐടി കമ്പനിക്ക് ഒരു മുൻപരിചയവുമില്ല. ഇവർ പവർ ബ്രോക്കേർസാണ്. ഇടനിലക്കാരാണെന്നും വി.ഡി സതീശൻ ആരോപിച്ചു.’ഇതുപോലെ പദ്ധതിക്ക് പ്രീ ക്വാളിഫിക്കേഷൻ മാനദണ്ഡം വ്യക്തമാക്കേണ്ടതായിരുന്നു. ടെണ്ടറിൽ പങ്കെടുത്ത കമ്പനികളേതൊക്കെയാണ്? എസ്ആർഐടി കരാർ കിട്ടിയ ശേഷം കൺസോർഷ്യം ഉണ്ടാക്കി ഉപകരാർ കൊടുത്തു. ഇവർക്ക് ഊരാളുങ്കലുമായി ബന്ധമുണ്ട്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ്. എല്ലാം ഒരൊറ്റ പെട്ടിയിലേക്കാണ് വന്നു ചേരുന്നത്. സർക്കാർ ടെണ്ടർ നടപടികളുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടു. കമ്പനികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓരോന്നായി പുറത്തുവിടും. ഒമ്പത് ലക്ഷം രൂപ പോയിട്ട്, അതിന്റെ പത്തിലൊന്ന് പോലും ക്യാമറയ്ക്ക് വിലയില്ല. അന്താരാഷ്ട്ര ബ്രാന്റ് ക്യാമറകൾ കിട്ടുമ്പോൾ എന്തിനാണ് ഇതിന്റെ ഘടകങ്ങൾ വാങ്ങി അസംബിൾ ചെയ്തത്? 232 കോടിയുടെ പദ്ധതിയിൽ 70 കോടി മാത്രമാണ് ക്യാമറയ്ക്ക് ചെലവ്. ക്യാമറ വാങ്ങിയാൽ അഞ്ച് വർഷത്തേക്ക് വാറന്റി കിട്ടും. എന്നാൽ ഇവിടെ അഞ്ച് വർഷത്തേക്ക് 66 കോടി രൂപ മെയിന്റനൻസിന് വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. പൂർണമായി വാങ്ങാവുന്ന ക്യാമറ കെൽട്രോൺ പാർട്സായി വാങ്ങിയത് എന്തിനെന്ന് വ്യക്തമാക്കണം.’- വി ഡി സതീശൻ ആവശ്യപ്പെട്ടു.ആയിരം കോടി രൂപ വർഷം ജനങ്ങളിൽ നിന്ന് കൊള്ളയടിക്കാനുള്ള പദ്ധതിയാണിത്. സർക്കാരിന്റെ അഴിമതിക്ക് വേണ്ടി സാധാരണക്കാരന്റെ കീശ കൊള്ളയടിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

Continue Reading