Connect with us

NATIONAL

മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധം. കേരളം ഒഴികെ രാജ്യത്ത് ഒരു സംസ്ഥാനത്തും മുസ്‌ലിങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നില്ല

Published

on

ന്യൂഡല്‍ഹി: മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേരളം ഒഴികെ രാജ്യത്ത് ഒരു സംസ്ഥാനത്തും മുസ്‌ലിങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നില്ലെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കര്‍ണാടകത്തില്‍ മുസ്‌ലിങ്ങള്‍ക്ക് ഉണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയതിന് എതിരായ വിവിധ ഹര്‍ജികളിലാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനയുടെ 14,15, 16 അനുച്ഛേദങ്ങളുടെ ലംഘനമാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം അഭികാമ്യമല്ലെന്ന്‌ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. പിന്നാക്കാവസ്ഥയില്‍ കഴിയുന്ന മുസ്‌ലിങ്ങള്‍ക്ക് മറ്റ് സംവരണങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

സംവരണത്തിനുള്ള അര്‍ഹത കണക്കാക്കുമ്പോള്‍ ഒരു മതവിഭാഗത്തെ മുഴുവനായി കാണാനായി കഴിയില്ല. കേന്ദ്ര സര്‍ക്കാരും മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നില്ല. മുസ്‌ലിം മതവിഭാഗത്തെ മൊത്തത്തില്‍ കണക്കാക്കി സംവരണം നല്‍കുന്ന ഏക സംസ്ഥാനം കേരളമാണെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് അടുത്ത് വന്നപ്പോഴാണ് സംവരണം റദ്ദാക്കിയത് എന്ന ഹര്‍ജിക്കാരുടെ വാദം അപ്രസക്തമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംവരണം റദ്ദാക്കിയ ഉത്തരവ് മേയ് ഒന്‍പതു വരെ നടപ്പാക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

Continue Reading