Entertainment
മാമുക്കോയയ്ക്ക് വിട നൽകി ജന്മനാട് .ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു

കോഴിക്കോട്: മാമുക്കോയയ്ക്ക് വിട നൽകി ജന്മനാട്. മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. അരക്കിണർ മുജാഹിദ് പള്ളിയിൽ മയ്യത്ത് നമസ്‌കാരത്തിന് ശേഷമാണ് മൃതദേഹം ഖബർസ്ഥാനിലേക്ക് കൊണ്ടുവന്നത്. പ്രിയ കലാകാരനെ അവസാനമായി ഒരുനോക്കുകാണാൻ നൂറുകണക്കിനാളുകളാണ് കോഴിക്കോട്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 1.05ന് കോഴിക്കോട് മേയ്‌ത്ര ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഈ മാസം ഇരുപത്തിനാലിന് രാത്രി മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മേയ്ത്ര ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിൽ രക്തസ്രാവംകൂടി ഉണ്ടായി. കാൻസറിനും ഹൃദയസംബന്ധമായ അസുഖത്തിനും നേരത്തെ ചികിത്സയിലായിരുന്നു.ഇന്നലെ വൈകിട്ട് മൂന്നുമുതൽ കോഴിക്കോട് ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. സിനിമ-സംഗീത-നാടക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ഇവിടെയെത്തി അന്ത്യാഞ്ജലി അർപ്പിച്ചത്. തുടർന്ന് രാത്രി പത്തോടെ മൃതദേഹം അരക്കിണറിലെ വീട്ടിലേക്കു കൊണ്ടുപോയിരുന്നു.