Crime
കൗൺസിലിങ്ങിനെത്തിയ 14 കാരനെ പീഡിപ്പിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് 7 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: കൗൺസിലിങ്ങിനെത്തിയ 14 കാരനെ പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് 7 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ കോടതി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ ഗിരീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
വിവിധ കുറ്റങ്ങൾക്ക് 26 വർഷം തടവു ലഭിച്ചെങ്കിലും ശിക്ഷ ഒരുമുച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി അറിയിച്ചു. ഇതേ കോടതി ഗിരീഷിനെ മറ്റൊരു കേസിൽ 6 വർഷം കഠിനതടവു ശിക്ഷിച്ചിരുന്നു. ഈ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഈ കേസിൽ ജാമ്യത്തിലിരിക്കവെയാണ് ഇപ്പോഴത്തെ കേസ്.
ആരോഗ്യ വകുപ്പിൽ അസി. പ്രൊഫസറായ ഇയാൾ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയ്ക്കെത്തിയ കുട്ടിയെയാണ് പീഡിപ്പിച്ചത്. കുട്ടിയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പല തവണ പീഡിപ്പിച്ചു എന്നതാണ് കേസ്. മണക്കാട് വീടിനോടു ചേർന്ന ക്ലിനിക്കിൽ വച്ചായിരുന്നു പീഡനം. 2015 ഡിസംബര്‍ ആറ് മുതല്‍ 2017 ഫെബ്രുവരി ഇരുപത്തി ഒന്ന് വരെയുള്ള കാലയളവില്‍ കുട്ടിയെ കൗണ്‍സിലിങ്ങിനായി എത്തിച്ചപ്പോഴായിരുന്നു പീഡനം.
പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ മനോനില കൂടുതല്‍ വഷളായി. പീഡനം പുറത്തുപറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2019 ജനുവരിയില്‍ മെഡിക്കല്‍ കോളെജ് ഡോക്ടര്‍മാര്‍ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി പീഡനവിവരം ഇവരോട് വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് കേസെടുക്കുകയായിരുന്നു.