Connect with us

Crime

എൻ. വാസു ഇ.ഡിക്ക് മുന്നിൽ ഹാജരായി. ചോദ്യം ചെയ്യൽ തുടരുന്നു

Published

on

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായി. കൊച്ചിയിലെ സോണൽ ഓഫീസിലാണ് അദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരായത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണായക രേഖകളിൽ ഒപ്പുവച്ചു എന്ന കണ്ടെത്തലിനെ തുടർന്ന് നേരത്തെ പ്രത്യേക അന്വേഷണസംഘം ഇദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

കേസിൽ മാർച്ച് ആദ്യവാരം ഹാജരാകാൻ എൻ വാസുവിനും തന്ത്രിക്കും ഇഡി നോട്ടീസ് നൽകിയിരുന്നു. മൂന്ന് മാസത്തോളം ജയിലിലായിരുന്ന എൻ വാസുവിന് സ്വാഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഇഡിയുടെ നടപടി. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
എൻ വാസുവിന് ശേഷം തന്ത്രിയെയും ഇഡി ചോദ്യം ചെയ്യും. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നിലവിൽ നോട്ടീസ് നൽകിയിട്ടില്ല. മറ്റു പ്രതികളെ ചോദ്യം ചെയ്ത ശേഷം മാത്രമേ ഇദ്ദേഹത്തിലേക്ക് അന്വേഷണം എത്തുകയുള്ളൂ. കേസിലെ സാക്ഷിപ്പട്ടികയിലുള്ള നടൻ ജയറാം ഉൾപ്പെടെയുള്ളവരെ കഴിഞ്ഞ ആഴ്ചകളിൽ ഇഡി ചോദ്യം ചെയ്തിരുന്നു. ആകെ 28 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എട്ടുപേർ സാക്ഷിപ്പട്ടികയിലുണ്ട്.

കേസിലെ പ്രതികൾ നേരത്തെ അറസ്റ്റിലായ സാഹചര്യത്തിൽ എൻ വാസു അടക്കമുള്ളവരുടെ സ്വത്തുക്കൾ മരവിപ്പിക്കുന്ന നടപടികളിലേക്ക് ഇഡി കടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നേരിട്ടുള്ള ചോദ്യം ചെയ്യൽ ആരംഭിച്ചിരിക്കുന്നത്. പ്രതിപ്പട്ടികയിലുള്ള ഓരോരുത്തരെയായി വരും ദിവസങ്ങളിൽ ഇഡി വിളിച്ചുവരുത്തും.

2019 ഫെബ്രുവരി 26ന് വാസു നൽകിയ കത്ത് അംഗീകരിച്ചാണ് മാർച്ച് 19-ലെ ബോർഡ്‌യോഗം പോറ്റിയുടെ കൈയിൽ പാളികൾ കൊടുത്തുവിടാൻ തീരുമാനിച്ചത്. ഇതുപ്രകാരം ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വർണപ്പാളികൾ കടത്തിയത്. ശബരിമലയിലെ സ്വർണപ്പാളികൾ ആദ്യമായി ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്ന് ദേവസ്വം കമ്മിഷണറായിരുന്ന എൻ വാസു ബോർഡിന്റെ അംഗീകാരത്തിനായി നൽകിയ കത്തിലാണെന്നാണ് കണ്ടെത്തൽ.

Continue Reading