Connect with us

Crime

ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കനത്ത സ്‌ഫോടനങ്ങൾ : ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി

Published

on

ടെഹ്റാൻ: യുഎസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾ ആറാം ദിവസവും ശക്തമായി തുടരുന്നതിനിടെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കനത്ത സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ  അർദ്ധരാത്രിക്ക് ശേഷം നഗരത്തിന്റെ കിഴക്കൻ ഭാഗത്താണ് വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ടെഹ്റാനു പുറമെ സാനന്ദാജ്, സാഖെസ്, ബുകാൻ എന്നീ കുർദിഷ് നഗരങ്ങളിലും രാത്രിയിൽ ആക്രമണങ്ങൾ നടന്നു. കഴിഞ്ഞ ശനിയാഴ്ച മുതൽ ഇറാനിലെ 150-ലധികം നഗരങ്ങൾ ആക്രമിക്കപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിന് തിരിച്ചടിയെന്നോണം ഇസ്രായേലിലെയും മിഡിൽ ഈസ്റ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പുതിയ ആക്രമണങ്ങൾ ആരംഭിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

അതിനിടെ, ലെബനനിലെ ബയ്‌റൂത്തിലും ടൈറിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ബയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളായ ഗോബെയ്രി, ഹാരെത് ഹ്രീക്ക്, ബിർ അൽ-അബേദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. ടൈറിലെ അൽ ഷഹാബിയ ജില്ലയിലെ ഒരു വീടിന് നേരെയും നബാത്തിയ മേഖലയിലും ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഹിസ്ബുള്ളയുടെ ശക്തമായ സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ നബാത്തിയയെ ലക്ഷ്യം വെക്കുന്നത്. നിലവിലെ ആക്രമണങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, തിങ്കളാഴ്ച മുതൽ ലെബനനിലുടനീളം ഉണ്ടായ ആക്രമണങ്ങളിൽ 50-ലധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

Continue Reading