Connect with us

Entertainment

ജെല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീം കോടതി. ആയുധങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള മത്സരമല്ലാത്തതിനാൽ രക്തക്കളിയായി കാണാൻ ആകില്ലെന്നു കോടതി

Published

on

ന്യൂഡൽഹി: ജെല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. ജെല്ലിക്കെട്ടിന് അനുമതി നൽകിക്കൊണ്ട് തമിഴ്നാട് നിയമത്തിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ. എം. ജോസഫ് നേതൃത്വം നൽകിയ അഞ്ചംഗം ഭരണഘ‌ടനാ ബെഞ്ച് ‌ഐകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്.

ആനിമൽ റൈറ്റ് ബോഡി, പെറ്റ സംഘടനകൾ ഉൾപ്പെടെയുള്ളവ‌ർ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ജെല്ലിക്കെട്ട്, കാളയോട്ട മത്സരങ്ങൾക്ക് അനുമതി നൽകിക്കൊണ്ടുള്ള നിയമഭേദഗതിക്കെതിരേ സമർപ്പിച്ച ഹർജികളിലാണ് വിധി. ജെല്ലിക്കെട്ട് തമിഴ്നാട് സംസ്കാരത്തിന്‍റെ ഭാഗമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ‌എന്നാൽ കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി ജെല്ലിക്കെട്ട് തമിഴ്നാട്ടിൽ നടത്തി വരുന്നതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ജെല്ലിക്കെട്ട് തമിഴ്നാടിന്‍റെ സംസ്കാരമല്ലെന്ന വാദത്തെ അംഗീകരിക്കാനാകില്ലെന്നും അതിനാവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ആയുധങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള മത്സരമല്ലാത്തതിനാൽ ജെല്ലിക്കെട്ടിനെ രക്തക്കളിയായി കാണാൻ ആകില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ്മാരായ അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്. സി.ടി. രവികുമാർ , അജയ് രാസ്തോഗി എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ വിധി പറയാൻ മാറ്റിയ ഹർജികള‌ിലാണ് കോടതി ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ചാണ് കാളകളുമായി മൽപ്പിടുത്തം നടത്തുന്ന ജെല്ലിക്കെട്ട് നടത്തുന്നത്. കൂറ്റൻ കാളകളുടെ കൊമ്പ് മണ്ണിൽ താഴ്ത്താൻ കഴിയുന്നവരാണ് മത്സരത്തിൽ വിജയി‌യാകുന്നത്. കാളകളുമായുള്ള മൽപ്പിടുത്തത്തിൽ നിരവധി യുവാക്കൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നതിനാൽ 2007ൽ സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചു. ഇതിനെതിരേ തമിഴ്നാട്ടിൽ വ്യാപകമായ പ്രക്ഷോഭങ്ങൾ അരങ്ങേറി. അതേ തുടർന്ന് 2017ൽ തമിഴ് നാട് സർക്കാർ പുതിയ ഭേദഗതി നിയമം പാസ്സാക്കിയതിലൂടെ ജെല്ലിക്കെട്ടിന് വീണ്ടും അനുമതി നൽകുകയായിരുന്നു. ഇതിനെതി‌രേ ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതി‌യിലെത്തിയത്.

Continue Reading