KERALA
അരിക്കൊമ്പന്‍ അരിയടിച്ചുകൊണ്ടുപോകുന്നു. ചക്കക്കൊമ്പന്‍ ചക്കയടിച്ചുകൊണ്ടുപോകുന്നു. പിണറായി വിജയന്‍ ഖജനാവ് അടിച്ചുകൊണ്ടുപോകുന്നു

തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പരിഹാസവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. കാട്ടാനകളായ അരിക്കൊമ്പന്‍ അരിയും ചക്കക്കൊമ്പന്‍ ചക്കയും മോഷ്ടിച്ചുകൊണ്ടുപോകുന്നതും പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഖജനാവ് കൊള്ളയടിക്കുകയാണെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.
‘അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ എന്നൊരു ട്രോള്‍ കണ്ടു ഞാന്‍. എത്ര യാഥാര്‍ഥ്യമാണത്. അതൊരു തമാശയിലാണ് ട്രോള്‍ വന്നതെങ്കിലും യാഥാര്‍ഥ്യമല്ലേയത്? അരിക്കൊമ്പന്‍ അരിയടിച്ചുകൊണ്ടുപോകുന്നു. ചക്കക്കൊമ്പന്‍ ചക്കയടിച്ചുകൊണ്ടുപോകുന്നു. പിണറായി വിജയന്‍ ഖജനാവ് അടിച്ചുകൊണ്ടുപോകുന്നു. എത്രസാമ്യം’, കെ. സുധാകരന്‍ പരിഹസിച്ചു.
നിലിവിലെ സമരത്തിന് സമാധാനത്തിന്റെ മുഖമാണെന്നും എല്ലായ്‌പ്പോഴും യു.ഡി.എഫ്. സമാധാനത്തിന്റെ പ്രവാചകന്മാരായി നില്‍ക്കില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. ‘പ്രക്ഷോഭങ്ങള്‍ക്ക് പല മുഖങ്ങളുണ്ട്. ഇത് സമാധാനത്തിന്റെ മുഖമാണ്. ഇടതുപക്ഷ സര്‍ക്കാരിനോട് ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, എല്ലായ്‌പ്പോഴും ഐക്യജനാധിപത്യമുന്നണി സമാധാനത്തിന്റെ പ്രവാചകന്മാരായി നില്‍ക്കും എന്ന് നിങ്ങള്‍ കരുതരുത്. പ്രകോപിതരാകുന്ന ജനതയുടെ മുമ്പില്‍, അത്തരമൊരു സമരത്തിന് നേതൃത്വം കൊടുക്കാനും ഐക്യജനാധിപത്യമുന്നണിക്ക് മടിയില്ല. ക്രമസമാധാന തകര്‍ച്ചയില്ലാതെ ഏത് അറ്റംവരെ പോകുന്ന സമരമുറയ്ക്കും ഞങ്ങള്‍ രൂപം കൊടുക്കും. ആ തീരുമാനത്തിന് മുമ്പില്‍ നിങ്ങളെക്കൊണ്ട് മുട്ട് കുത്തിക്കുമെന്ന് പിണറായി വിജയനെ ഓര്‍മിപ്പിക്കുന്നു’, സുധാകരന്‍ പറഞ്ഞു.