Connect with us

NATIONAL

മലയാളിയായ യു.ടി. ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കറായേക്കും

Published

on

ബെംഗളൂരു: മലയാളിയായ യു.ടി. ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കറായേക്കും. ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഇന്ന് കാലത്ത് ഖാദര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അപ്രതീക്ഷിതമായാണ് സ്പീക്കര്‍ സ്ഥാനത്തേക്കുള്ള ഖാദറിന്റെ വരവ്. കാരണം ആര്‍.വി. ദേശ്പാണ്ഡെ, ടി.ബി. ജയചന്ദ്ര, എച്ച്.കെ. പാട്ടീല്‍ തുടങ്ങിയവരുടെ പേരുകളാണ് മുന്‍പ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നത്.

കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ചുമതലക്കാരന്‍ രണ്‍ദീപ് സിങ് സുര്‍ജെവാല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ ഖാദറുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു ഖാദര്‍. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തില്‍നിന്നാണ് ഖാദര്‍ നിയമസഭയിലെത്തിയത്. ഇത് അഞ്ചാം തവണയാണ് ഖാദര്‍ എം.എല്‍.എ. ആകുന്നത്. അന്‍പത്തിമൂന്നുകാരനായ ഖാദര്‍, കര്‍ണാടക സ്പീക്കര്‍ ആകുന്നതോടെ ഈ സ്ഥാനത്തെത്തുന്ന ആദ്യ ന്യൂനപക്ഷ സമുദായാംഗമെന്ന നേട്ടവും ഖാദറിന് സ്വന്തമാകും.ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ള നേതാവിന് അവസരം നല്‍കുന്നു എന്ന സന്ദേശം കൂടിയാണ് ഖാദറിനെ സ്പീക്കറാക്കുന്നതിലൂടെ കോണ്‍ഗ്രസ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

പിതാവ് കാസര്‍കോട്ടുകാരനായ ഉപ്പള പള്ളത്തെ പരേതനായ യു.ടി. ഫരീദ്. ഫരീദ് 1972, 1978, 1999, 2004 എന്നീ വര്‍ഷങ്ങളില്‍ ഉള്ളാള്‍ (മംഗളൂരു) മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് 2007-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഖാദര്‍ മത്സരിച്ച് ജയിച്ചു. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി ലമിസാണ് ഭാര്യ. ഏകമകള്‍ ഹവ്വ നസീമ പഠിച്ചതും കേരളത്തിലാണ്.

Continue Reading