KERALA
അരിക്കൊമ്പൻ കുമളിക്ക് ആറുകിലോമീറ്റർ അടുത്തെത്തി

ഇടുക്കി: ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കുമളിക്ക് സമീപത്തുവരെ എത്തി. ആകാശദൂരം അനുസരിച്ച് അരിക്കൊമ്പൻ കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് റിപ്പോർട്ട്.ആനയുടെ ജി പി എസ് കോളറിൽ നിന്നുള്ള വിവരങ്ങൾ വനംവകുപ്പ് അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്ത് അരിക്കൊമ്പൻ കഴിഞ്ഞ ദിവസം എത്തിയിരുന്നു.
കടുത്ത ഭീതി വിതച്ചശേഷം ആറു ദിവസം മുൻപാണ് അരിക്കൊമ്പൻ തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് തമിഴ്‌നാട്ടിലെ മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് നിരോധനം ഏർപ്പെടുത്തിയിരുന്നു. അത് ഇപ്പോഴും തുടരുകയാണ്. ഇവിടെ ഒരു വീടിനുനേരെ ആന ആക്രമണം നടത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഞായറാഴ്ച വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് അരിക്കൊമ്പൻ തകർത്തിരുന്നു. ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കടന്നെങ്കിലും തങ്ങളുടെ വനമേഖലയിൽ തമിഴ്നാട് ഇപ്പോഴും ശക്തമായ നിരീക്ഷണം തുടരുകയാണ്.