Connect with us

KERALA

ഇത്തവണ വോട്ട് ചാണ്ടി ഉമ്മനെന്ന് വെളിപ്പെടുത്തിയതിന് ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി പരാതി

Published

on

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ ഒരു മാദ്ധ്യമത്തിനോട് പറഞ്ഞതിന് പിന്നാലെ വെറ്റിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കി. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പർ പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി ഒ സതിയമ്മ(52) യ്ക്കാണ് 11 വർഷമായുള്ള ജോലി നഷ്ടപ്പെട്ടത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പ്രതികരണം തേടുന്നതിനിടെ ചാനൽ റിപ്പോർട്ടർ സതിയമ്മയോടും ഉമ്മൻ ചാണ്ടിയെ കുറിച്ച് ചോദിച്ചു. മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾചെയ്തതും തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും സതിയമ്മ പറഞ്ഞു. ഇതിനുള്ള നന്ദി സൂചകമായി ചാണ്ടി ഉമ്മന് ഇത്തവണ വോട്ട് ചെയ്യുമെന്നും അവർ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ചാനലിൽ ഇത് സംപ്രേക്ഷണം ചെയ്തത്.ഇന്നലെ ജോലിക്കെത്തിയപ്പോൾ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്ക് കയറേണ്ടെന്ന് നിർദേശിക്കുകയായിരുന്നു. ജോലിയിൽ നിന്ന് ഒഴിവാക്കാൻ മുകളിൽ നിന്ന് സമ്മർദമുണ്ടെന്ന സൂചനയോടെയാണ് ഡെപ്യൂട്ടി ഡയറക്ടർ വിവരമറിയിച്ചതെന്നും സതിയമ്മ പറഞ്ഞു.വൈക്കം പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണ് സ്വീപ്പറായി ജോലിക്കുകയറിയത്. നാല് വർഷത്തിന് ശേഷം കുടുംബശ്രീ വഴി കൈതേപ്പാലത്തേക്ക് സ്വീപ്പറായി എത്തി. 8,000 രൂപയാണ് മാസവേതനം. ഇടത് മുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന് കീഴിലാണ് ഈ മൃഗാശുപത്രി. സതിയമ്മയുടെ ഭർത്താവ് രാധാകൃഷ്ണന് തടിപ്പണിയായിരുന്നു ജോലി. ഇപ്പോൾ ജോലിക്ക് പോകാൻ കഴിയുന്നില്ല. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സതിയമ്മയുടെ വരുമാനം.തനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമൊന്നും ഇല്ലെന്നും ഉമ്മൻ ചാണ്ടി ചെയ്ത സഹായങ്ങൾ മറക്കാൻ കഴിയാത്തതിനാലാണ് പറഞ്ഞതെന്നും സതിയമ്മ പറഞ്ഞു. അതേസമയം, കുടുംബശ്രീയിൽ നിന്നാണ് സതിയമ്മയെ ജോലിക്കെടുത്തതെന്നും ഇവരുടെ ഊഴം കഴിഞ്ഞതിനാലാണ് പിരിച്ചുവിട്ടതെന്നും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിജിമോൾ പറഞ്ഞു.

Continue Reading