Connect with us

KERALA

സാധാരണക്കാർക്കും പാവങ്ങൾക്കും നൽകാത്ത സൗജന്യ കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികളും സ്വീകരിക്കില്ല.

Published

on

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് എം.എൽ.എമാർക്കും എം.പിമാർക്കും സപ്ലൈകോ നൽകുന്ന സൗജന്യ കിറ്റ് യു.ഡി.എഫ്. ജനപ്രതിനിധികൾ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

‘കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കു മാത്രമാണ് ഇത്തവണ ഓണക്കിറ്റ് നൽകുന്നത്. അതുതന്നെ പൂർണതോതിൽ നൽകാൻ കഴിഞ്ഞിട്ടുമില്ല. സാധാരണക്കാർക്കും പാവങ്ങൾക്കും നൽകാത്ത സൗജന്യ കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികളും സ്വീകരിക്കില്ല. ഇക്കാര്യം സപ്ലൈകോയെ അറിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മഞ്ഞ കാർഡ് ഉടമകൾക്ക് വിതരണംചെയ്യാൻ മതിയായ ഓണക്കിറ്റുകൾ ഞായറാഴ്ചയാണ് റേഷൻകടകളിലെത്തിയത്. രണ്ടുലക്ഷത്തിലേറെപ്പേരാണ് ഞായറാഴ്ച ഓണക്കിറ്റുവാങ്ങിയത്. ആറുലക്ഷം പേർക്കാണ് ഇത്തവണ കിറ്റ് നൽകുക. നാലുലക്ഷം പേർക്ക് ഓണക്കിറ്റുകൾ വാങ്ങാൻ തിങ്കളാഴ്ച മാത്രമേ സമയമുള്ളൂ. റേഷൻകടകൾ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ തുറന്ന് വിതരണം പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പിന്റെ നിർദേശം. സപ്ലൈകോ പ്രതിസന്ധിയും അർഹതപ്പെട്ടവരെ നിശ്ചയിക്കാനുള്ള ആശയക്കുഴപ്പവും രൂക്ഷമായപ്പോൾ ഓണക്കിറ്റിൽ മന്ത്രിസഭാ തീരുമാനവും വൈകി. ഇതോടെ, കിറ്റിൽവേണ്ട സാധനങ്ങൾക്ക് ഓർഡർ നൽകാൻ കാലതാമസമെടുത്തതായി ഭക്ഷ്യവകുപ്പ് അധികൃതർ വ്യക്തമാക്കി

Continue Reading