Connect with us

KERALA

സർക്കാരിന്‍റെ മുഖം വികൃതം. ഇത് മണ്ഡല പര്യടനത്തിൽ തിരിച്ചടിക്കുമെന്നു സി.പി.ഐ

Published

on

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സർക്കാരിനു മുഖ്യമന്ത്രിക്കുമെതിരേ രൂക്ഷ വിമർശനം. സർക്കാരിന്‍റെ മുഖം വികൃതമാണെന്നും ഇത് മണ്ഡല പര്യടനത്തിൽ തിരിച്ചടിക്കുമെന്നും യോഗം വിലയിരുത്തി.

ഇത്തരത്തിലാണ് സർക്കാർ മുന്നോട്ടു പോവുന്നതെങ്കിൽ അത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാവും. മുഖ്യമന്ത്രിക്ക് ലാളിത്യമില്ല. 50 അകമ്പടി വാഹനങ്ങളുമായുള്ള യാത്ര ശരിയല്ല. എന്തിനും ഏതിനും മാധ്യമങ്ങളെ വിമർശിച്ചിട്ട് കാര്യമില്ല. മകളായ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിലുള്ള മറുപടി തൃപ്തി കരമല്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

സിപിഐ മന്ത്രിമാർക്കെതിരേയും വിമർശനം ഉയർന്നു. മന്ത്രിമാരുടെ ഓഫീസുകളിൽ ഒന്നും നടക്കുന്നില്ല. ഓഫീസുകളിലേക്ക് പലരും തിരിഞ്ഞു നോക്കുന്നില്ല. 2 മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാവില്ലെന്നും കൃഷി റവന്യു മന്ത്രിമാർക്കെതിരേ വിമർശനം ഉയർന്നു.

കേരളീയം പരിപാടിയും നിയോജക മണ്ഡലം സദസ്സും കൊണ്ടു മാത്രം കാര്യമില്ല. രണ്ടര വർഷം കൊണ്ട് സർക്കാർ ഒന്നും ചെയ്തില്ലെന്നും വിമർശനം ഉയർന്നു. സർക്കാരിൽ സർവ്വത്ര അഴിമതിയുമാണെന്നും സർക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി – ക്വാറി മാഫിയയാണെന്നും വിമർശിച്ചു. മണ്ഡല സന്ദർശനത്തിൽ പൗരപ്രമുഖരെയല്ല മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടത്. മുന്നണിയെ ജയിപ്പിച്ചതു സാധാരണക്കാരനാണെന്നും യോഗം ചൂണ്ടിക്കാട്ടി. പഞ്ചാലി വസ്ത്രാക്ഷേപം നടക്കുമ്പോൾ പാണ്ഡവരെ പോലെ ഇരിക്കരുതെന്നും വിദുരരായി മാറണമെന്നും അജിത് കോളാടി പറഞ്ഞു.

Continue Reading