NATIONAL
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്നറിയാം

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. മിസോറാം, ഛത്തീസ്‌ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് ഇന്ന് പ്രഖ്യാപിക്കുക.
ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് വിളിച്ചുചേർക്കുന്ന വാർത്താ സമ്മേളനത്തിൽ തീയതികളും എത്ര ഘട്ടമായാകും തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയതടക്കം വിവരങ്ങളറിയാം.2023 ഡിസംബറിനും 2024 ജനുവരിയിലുമായാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി പൂർത്തിയാകുക.
കേന്ദ്ര ഭരണം നടത്തുന്ന ബിജെപിയ്‌ക്കും, കോൺഗ്രസിനും വിവിധ പ്രാദേശിക രാഷ്‌ട്രീയ പാർട്ടികൾക്കും ഏറെ നിർണായകമാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പ്. നിലവിൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസാണ് ഭരണത്തിൽ. ബിജെപി നേരിട്ട് ഭരിക്കുന്നത് മദ്ധ്യപ്രദേശിലാണ്. കെ സി ആർ നേതൃത്വം നൽകുന്ന ഭാരത് രാഷ്‌ട്ര സമിതിയാണ് തെലങ്കാനയിൽ. മിസോ നാഷണൽ ഫ്രണ്ടാണ് മിസോറാമിൽ ഭരിക്കുന്നത്.ഛത്തീസ്ഗഢിൽ കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കാനൊരുങ്ങുകയാണ്. ഇതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഡൽഹിയിൽ 13ന് ചേരും. യോഗത്തിൽ അന്തിമ സ്ഥാനാർഥി പട്ടിക തയാറാക്കാനാണ് നീക്കം. സ്ഥാനാർഥി പട്ടിക അന്തിമമായാൽ ഉടനടി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്കു കടക്കുകയാണ് ലക്ഷ്യമിടുന്നത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സ്‌ക്രീനിംഗ് കമ്മിറ്റിയോഗം ചേർന്നിരുന്നു. ചുരുക്കപ്പട്ടിക വിലയിരുത്തലാകും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ നടക്കുക.തുടർഭരണം ലക്ഷ്യമിട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ പ്രചരണം തുടങ്ങി. ജാതി സെൻസസ് ,പാവപ്പെട്ടവർക്ക് 10 ലക്ഷം വീടുകൾ തുടങ്ങിയ പ്രഖ്യാപനങ്ങൾ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു. സംസ്ഥാനത്ത് നവംബർ രണ്ടാം വാരത്തിനും ഡിസംബർ ആദ്യവാരത്തിനും ഇടയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.ജനുവരി മൂന്നു വരെയാണ് നിലവിലെ ഛത്തീസ്ഗഡ് നിയമസഭയുടെ കാലാവധി.
മദ്ധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന സൂചന നൽകി പാർട്ടി നേതാവ് രൺദീപ് സിംഗ് സുർജെവാല. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി കമൽനാഥിനെ ഉയർത്തിക്കാട്ടുമെന്നും സുർജേവാല പറഞ്ഞു. മധ്യപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാരാകുമെന്ന ചോദ്യത്തിനാണ് സുർജേവാല മറുപടി നൽകിയത്. കോൺഗ്രസ് പ്രദേശ് കമിറ്റിയുടെ അധ്യക്ഷനാവും സ്വാഭാവികമായി മുഖ്യമന്ത്രി സ്ഥാനാർഥിയാവുകയെന്ന് സുർജേവാല കൂട്ടിച്ചേർത്തു.കോൺഗ്രസിന്റെ അടുത്ത സെൻട്രൽ ഇലക്ഷൻ കമിറ്റി യോഗത്തിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല.