KERALA
മുസ്‍ലിം ലീഗിനെ ക്ഷണിച്ച ആളുകളുടെ തലയ്ക്കു സുഖമില്ലാത്തതു കൊണ്ടാണ് അവരെ ക്ഷണിച്ചത്. ലീഗ് യുഡിഎഫ് വിട്ടുപോകുമെന്ന് ഒരു ഘട്ടത്തിലും വിശ്വസിച്ചിട്ടില്ല

തിരുവനന്തപുരം : മുസ്‍ലിം ലീഗ് യുഡിഎഫ് വിട്ടുപോകുമെന്ന് ഒരു ഘട്ടത്തിലും വിശ്വസിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുസ്‍ലിം ലീഗിനെ ക്ഷണിച്ച ആളുകളുടെ തലയ്ക്കു സുഖമില്ലാത്തതു കൊണ്ടാണ് ക്ഷണിച്ചതെന്ന് സുധാകരൻ പറഞ്ഞു. സംസ്ഥാനത്ത് ഇത്രയും കിരാതമായ ഭരണം നടത്തുന്ന സിപിഎമ്മിന്റെ കൂടെ ഒന്നിച്ചു പോകാൻ മുസ്‍ലിം ലീഗ് തയാറാകില്ലെന്ന് ഉറപ്പാണെന്നും സുധാകരൻ വ്യക്തമാക്കി. സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം വിവാദങ്ങൾക്കൊടുവിൽ മുസ്‍ലിം ലീഗ് നിരസിച്ച സാഹചര്യത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.
‘മുസ്‍ലിം ലീഗ് പോകുമെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിച്ചിട്ടില്ല. ഈ ക്ഷണിച്ച ആളുകൾക്ക് തലയ്ക്കു സുഖമില്ലാത്തതുകൊണ്ടാ മുസ്‍ലിം ലീഗിനെ ക്ഷണിച്ചത്. യുഡിഎഫിൽ എത്ര വർഷത്തെ പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‍ലിം ലീഗ്. അവർ ഞങ്ങളെ വിട്ടു പോകുമോ? സംസ്ഥാനത്ത് ഇത്രയും കിരാതമായ ഭരണം നടത്തുന്ന സിപിഎമ്മിന്റെ കൂടെ ഒന്നിച്ചു പോകാൻ മുസ്‍ലിം ലീഗ് തയാറാകുമോ? ഇല്ലെന്നു ഞങ്ങൾക്ക് അറിയാം. മുസ്‍ലിം ലീഗിന്റെ ആത്മാർഥതയെ ബഹുമാനിക്കുന്നവരാണ്, ആദരിക്കുന്നവരാണ്, ഉൾക്കൊള്ളുന്നവരാണ് ഞങ്ങൾ. അത് യുഡിഎഫ് ഉള്ള കാലം വരെ നിലനിൽക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.