Connect with us

KERALA

കോൺഗ്രസ് ഒറ്റയ്ക്കു നിന്നാൽ കേരളത്തിലെ ഒരു മണ്ഡലത്തിലും ജയിക്കില്ല; ലീഗിന് ഒറ്റയ്ക്കു ജയിക്കാനുള്ള ശക്തിയുണ്ട്

Published

on

തിരുവനന്തപുരം :കോൺഗ്രസ് ഒറ്റയ്ക്കു നിന്നാൽ കേരളത്തിലെ ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്നും എന്നാൽ മുസ്‍ലിം ലീഗിന് ഒറ്റയ്ക്കു ജയിക്കാനുള്ള ശക്തിയുണ്ടെന്നും എൻഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. എം.വി.രാഘവന്‍ അനുസ്മരണത്തില്‍ കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.  കോൺഗ്രസ് ഭയപ്പാടിലാണെന്നും അവർ ലീഗിനെ അവിശ്വസിക്കുന്നെന്നും ജയരാജൻ പറഞ്ഞു.

ഞങ്ങൾക്ക് എല്ലാവരോടും സ്നേഹമാണ്. ഞങ്ങൾ കമ്യൂണിസ്റ്റുകാരാണ്, മനുഷ്യസ്നേഹികളാണ്. അതുകൊണ്ട് ഞങ്ങൾ എല്ലാ കാര്യത്തിലും മനുഷ്യനു വേണ്ടിയുള്ള നിലപാട് സ്വീകരിക്കും. നിങ്ങളിപ്പോൾ ഉന്നയിച്ചിട്ടുള്ള വിഷയം കണ്ണൂരിൽ കമ്യൂണിസ്റ്റ് പാർട്ടി മാർക്സിസ്റ്റിന്റെ സംസ്ഥാന കമ്മറ്റിയോ ജില്ലാ കമ്മറ്റിയോ സംഘടിപ്പിച്ച പരിപാടിയല്ല ഇത്. സഖാവ് എം.വി.രാഘവൻ പാർട്ടിയിൽ ഉണ്ടായിരുന്ന സമയത്ത് പാർട്ടിയുടെ അനിഷേധ്യനായ നേതാവ് തന്നെയായിരുന്നു. അദ്ദേഹം പിന്നീട് സിഎംപി രൂപീകരിച്ചു. പാർട്ടിയിലുണ്ടായിരുന്ന കുറേയാളുകൾ സിഎംപിയിലേക്ക് പോയി. കുറേ പേർ തിരികെ വന്നു. 
അങ്ങനെ വന്നിട്ടുള്ളവരിൽ പലരും ഇന്ന് സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മറ്റിയിലും ഏരിയ കമ്മറ്റിയിലുമുണ്ട്.  നേരത്തെ സിഎംപിയിൽ പ്രവർത്തിച്ചിട്ടുള്ളവർ അദ്ദേഹത്തിന്റെ സ്മരണ ദിനത്തിന്റെ ഭാഗമായി ഒരു കമ്മറ്റി രൂപീകരിക്കണമെന്നതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയുമായി പ്രാദേശികമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു കമ്മറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. അവർ കുഞ്ഞാലിക്കുട്ടിയെ ആ പരിപാടിയിലേക്ക് ക്ഷണിച്ചു. അത് നികേഷാണ് ക്ഷണിച്ചതെന്ന് നികേഷ് തന്നെ പറഞ്ഞു. നികേഷ് പരിപാടിയിലേക്കു ക്ഷണിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാമെന്ന് അറിയിച്ചു. കാരണം കുഞ്ഞാലിക്കുട്ടിയുമായി വളരെക്കാലത്തെ അടുത്ത ബന്ധമുള്ള ആളാണ് എം.വി.രാഘവൻ. അതുകൊണ്ട് അദ്ദേഹം ആ പരിപാടിയിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചു. 
ആ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുന്നതിനെ എന്തിനാണ് കോൺഗ്രസുകാർ ഭയപ്പെടുന്നത്? അവർ വല്ലാത്ത ഭയപ്പാടിലാണ്. മുസ്‍ലിം ലീഗിൽ അങ്ങേയറ്റത്തെ അവിശ്വാസമാണ് ഇപ്പോൾ കോൺഗ്രസിനുള്ളതെന്നും ജയരാജൻ പറഞ്ഞു.
അതുകൊണ്ടിപ്പോൾ അവരുടെ പിന്നാലെ നടക്കുകയാണ്. അവരെങ്ങോട്ടു പോകുന്നു എന്ന് നോക്കാൻ. രണ്ടു നേതാക്കൾ, ഒരാൾ രാവിലെ പോകുന്നു ലീഗിന്റെ ഔദ്യോഗിക നേതാവിന്റെ വസതിയിലേക്ക്. ഉച്ചകഴിയുമ്പോൾ വേറൊരു നേതാവ് പോകുന്നു. വൈകുന്നേരം ആകുമ്പോൾ വേറെ നേതാക്കൾ പോകുന്നു. ഇങ്ങനെ മുസ്‍ലിം ലീഗിന്റെ പിന്നാലെ നടക്കുകയാണ്. ഇത്രമാത്രം ദുർബലതയാണ് ഇവിടെ കോൺഗ്രസ് കാണിച്ചുകൊണ്ടിരിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
സിപിഎമ്മിന് ഒരു ദുർബലതയുമില്ല. നിങ്ങൾക്കറിയാം 91ൽ നിന്ന് 99ൽ എത്തി. ഇപ്പോൾ കേരള രാഷ്ട്രീയം ആകെ ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായിട്ടാണ്. അങ്ങനെ നല്ലൊരു രാഷ്ട്രീയ സാഹചര്യം കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സർക്കാർ നിലനിൽക്കണം, ഇനിയും ഉണ്ടാകണം, ഇനിയും വരണം, ഇനിയും ഒരുപാട് കാര്യങ്ങൾ നേടാനുണ്ട് അതിന് ഈ മുന്നണി തന്നെ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തലുള്ളവർ. അത്തരത്തിൽ ഒരു മാറ്റം ബഹുജനങ്ങൾ പ്രകടിപ്പിക്കുമ്പോൾ സ്വഭാവികമായും മുസ്‍ലിം ലീഗിനകത്തും അതുണ്ടാകും. 
അതുമാത്രമല്ല ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് പലസ്തീൻ പ്രശ്നം. പലസ്തീൻ പ്രശ്നത്തിൽ കോൺഗ്രസിലെ തന്നെ പ്രമുഖനായ ഒരു നേതാവ് മലപ്പുറം ജില്ലക്കാരനാണ്. ആര്യാടൻ ഷൗക്കത്ത്. അദ്ദേഹം പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മലപ്പുറത്ത് ഒരു പരിപാടി സംഘടിപ്പിച്ചു. അതിനെതിരെ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുന്നു. അത് സാമാന്യ ഗതിയിൽ ജനങ്ങളിലുണ്ടാക്കുന്ന പ്രതികരണം എത്ര വലുതാണ്. അത് മുസ‍്‍ലിം ലീഗിനകത്തും പ്രതികരണം ഉണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ ഈ നിലപാടിനോട് മുസ്‍ലിം ലീഗിനുള്ളിൽ തന്നെ ശക്തമായ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അത് കേരള രാഷ്ട്രീയത്തിൽ ശക്തിപ്പെട്ടു വരികയാണ്. അതുകൊണ്ടു കോൺഗ്രസിന്റെ തകർച്ചയിൽനിന്ന്, അവരുടെ നിലപാടുകളിൽനിന്ന്, അവരുടെ വ്യതിയാനങ്ങളിൽനിന്ന് അസംതൃപ്തരായിട്ടുള്ള യുഡിഎഫിലെ തന്നെ പല പാർട്ടികളും ബഹുജനങ്ങളും അവരിൽനിന്ന് അകന്നുകൊണ്ടിരിക്കുന്നു. അത് ഭയന്നിട്ടാണ് ഇപ്പോൾ മുസ്‍ലിം ലീഗിന്റെ പിന്നാലെ പോകുന്നതെന്നും ഇ.പി കൂട്ടിച്ചേർത്തു.

Continue Reading