NATIONAL
മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും വിധിയെഴുത്ത് തുടങ്ങി

ന്യൂഡൽഹി: മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും വിധിയെഴുത്ത് തുടങ്ങി. മദ്ധ്യപ്രദേശിൽ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. 230 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 5,60,60,925 വോട്ടർമാരാണ് അടുത്ത ഭരണകക്ഷിയെ നിർണയിക്കുക. വൈകിട്ട് ആറ് വരെയാണ് പോളിംഗ്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ (ബുധ്നി), പി സി സി അദ്ധ്യക്ഷൻ കമൽനാഥ് (ചിന്ദ്വാര) കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ(ദിമാനി),ബി ജെ പി നേതാവ് കൈലാഷ് വിജയവർഗിയ(ഇൻഡോർ),പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗ് (ലാഹോർ) അടക്കം 2,533 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
ഛത്തീസ്ഗഡിൽ എഴുപത് സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. രാജിം ജില്ലയിലെ മാവോയിസ്റ്റ് ബാധിത പ്രദേശമായ ബിന്ദ്രനവാഗഡ് സീറ്റിലെ ഒമ്പത് പോളിംഗ് ബൂത്തുകളിൽ രാവിലെ ഏഴ് മുതൽ മൂന്ന് വരെയും മറ്റിടങ്ങളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയുമാണ് വോട്ടെടുപ്പ്. 958 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.1,63,14,479 വോട്ടർമാർക്കായി 18,833 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 20 സീറ്റുകളിൽ നവംബർ ഏഴിന് വോട്ടെടുപ്പ് നടന്നിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ (പട്ടാൻ),ഉപമുഖ്യമന്ത്രി ടിഎസ് സിംഗ് ദിയോ(അംബികാപൂർ),സ്പീക്കർ ചരൺ ദാസ് മഹന്ത് (ശക്തി), പ്രതിപക്ഷ നേതാവ് നാരായൺ ന്ദേൽ (ജാഞ്ജ്ഗിർചമ്പ) അടക്കമുള്ള പ്രമുഖർ മത്സരരംഗത്തുണ്ട്.