KERALA
ബസ്’ വിറ്റാൽ ഇരട്ടി വില കിട്ടും; മ്യൂസിയത്തിൽ വച്ചാൽ മുഖ്യമന്ത്രി സഞ്ചരിച്ച ബസ് കാണാൻ ജനലക്ഷങ്ങൾ എത്തും 

ബസ്’ വിറ്റാൽ ഇരട്ടി വില കിട്ടും; മ്യൂസിയത്തിൽ വച്ചാൽ മുഖ്യമന്ത്രി സഞ്ചരിച്ച ബസ് കാണാൻ ജനലക്ഷങ്ങൾ എത്തും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനായി തയ്യാറാക്കിയ ആഡംബര ബസിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോൾ അതിന് മറുപടിയുമായ് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് എ കെ ബാലൻ .
മുഖ്യമന്ത്രിയും 20 മന്ത്രിമാരും യാത്ര ചെയ്യുന്ന ക്യാബിനറ്റ് ബസ് സർക്കാർ ടെൻഡർ വിളിച്ച് വിൽക്കാൻ തീരുമാനിച്ചാൽ ഇപ്പോൾ വാങ്ങിയതിന്റെ ഇരട്ടി വില ലഭിക്കുമെന്ന് എ കെ ബാലൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘ഇതിന് സന്നദ്ധത പ്രകടിപ്പിച്ച് ഇപ്പോൾതന്നെ ആളുകൾ വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു നഷ്ടമാണെന്ന തരത്തിലെ പ്രചരണം ആരും നടത്തേണ്ടതില്ല.ഇതിന്റെ കാലാവധി 15 കൊല്ലം കഴിഞ്ഞ് മ്യൂസിയത്തിൽ വച്ചാൽതന്നെ ലക്ഷക്കണക്കിന് ജനങ്ങൾ കാണാൻ വരും. ബസ് പോകുന്ന വഴിയിൽ ചലിക്കുന്ന ക്യാബിനറ്റിനെ കാണാൻ പതിനായിരങ്ങൾ ഓരോ സ്ഥലത്തും തടിച്ചുകൂടും. കേന്ദ്ര സർക്കാരിന് എതിരായുള്ള അതിശക്തമായ രാഷ്ട്രീയ പ്രചരണമാണ് ഇതിന്റെ പ്രധാന ഭാഗം. കേന്ദ്രത്തിനെതിരെ ഒരു നിലപാടും സ്വീകരിക്കാത്ത യുഡിഎഫിനെ തുറന്നുകാട്ടുക എന്ന ലക്ഷ്യവുമുണ്ട്.ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെതന്നെ ആദ്യ സംഭവമാണ്. ഇത് ആർഭാടമാണെന്ന് പറഞ്ഞ് ആരും രംഗത്ത് വരേണ്ടതില്ല. മണ്ഡലങ്ങളിലെ ജനങ്ങളെ കാണാൻ പാടില്ല, അവരുടെ പരാതി കേൾക്കാൻ പാടില്ല എന്നത് എന്ത് വാദമാണ്’- എ കെ ബാലൻ ചോദിച്ചു.ബസിന്റെ നിർമ്മാണത്തിനായി ആകെ 1,05,20000 രൂപയാണ് ചെലവായത്. പുത്തൻ ബസിൽ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക ക്യാബിനറ്റ് ഉണ്ട്. അടിയന്തര യോഗങ്ങൾ കൂടുന്നതിനായി റൗണ്ട് ടേബിൾ മുറി. യാത്രക്കാർക്ക് ആവശ്യത്തിനായുളള ലഘുഭക്ഷണങ്ങൾ തയ്യാറാക്കുന്നതിനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മിനി കിച്ചൺ സൗകര്യം. കൂടാതെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുളള ശുചിമുറിയും ബസിൽ ഒരുക്കിയിട്ടുണ്ട്.