KERALA
മുസ്ലീം ലീഗിന് മുന്നണി മാറേണ്ട സാഹചര്യമില്ല.യുഡിഎഫിനെ ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം ഒരിഞ്ചു പോലും ലീഗ് അതിൽ നിന്നും മാറിയിട്ടില്ല

വയനാട്: മുസ്ലീം ലീഗ് മുന്നണി മാറുന്നെന്ന് അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലീം ലീഗിന് മുന്നണി മാറേണ്ട സാഹചര്യമില്ലെന്നും സുൽത്താൻ ബത്തേരിയിൽ ലീഗ് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം ഒരിഞ്ചു പോലും ലീഗ് അതിൽ നിന്നും മാറിയിട്ടില്ല. ബാങ്കിന്‍റെ വാതിലിൽ കൂടി മുന്നണി മാറേണ്ട സാഹചര്യമില്ല. മുന്നണി മാറാൻ ആലോചിക്കുന്നെങ്കിൽ അത് തുറന്നു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണി മാറേണ്ടതായ ഒരു കാര്യവും ഇപ്പോഴില്ല, മുന്നണി ബന്ധം ഉറപ്പിക്കാനുള്ള നിരവധി കാര്യങ്ങൾ ഇവിടെയുണ്ട്. ആരെങ്കിലും വെള്ളം അടുപ്പത്ത് വെച്ചിട്ടുണ്ടെങ്കില്‍ ആ തീ കത്താന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗ് സിപിഎമ്മിലേക്ക് അടുക്കിന്നെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വ്യാപകമായിരുന്നു. സിപിഎം വച്ചു നീട്ടിയ കേരള ബാങ്ക് ഡയറക്ടര്‍പദവി മുസ്ലിം ലീഗ് സംസ്ഥാനസെക്രട്ടറി പി. അബ്ദുള്‍ഹമീദ് എംഎല്‍എ. സ്വീകരിച്ചതും കാസർഗോഡ് നവ കേരള സദസിൽ ലീഗ് നേതാവ് എന്‍.എ. അബൂബക്കര്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടതുമെല്ലാ ഇത്തരം ചര്‍ച്ചകള്‍ക്ക് ശക്തിപകര്‍ന്നിരുന്നു. ഇത് ലീഗിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എതിർപ്പിന് കാരണമായിരുന്നു. സാദിഖലി ശിഹാബ് തങ്ങൾക്ക് പിന്നാലെ പി.കെ കുഞ്ഞാലിക്കുട്ടിയും മുസ്ലീംലീഗ് യു.ഡി.എഫിൽ ഉറച്ച് നിൽക്കുമെന്ന് പ്രഖ്യാപിച്ചു. നെടുംതൂണായി യു.ഡി.എഫിന്റെ കൂടെ ലീഗ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.