KERALA
കോഴിക്കോട്ട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; കണ്ണീർവാതകം പ്രയോഗിച്ചു

കോഴിക്കോട്: യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും നടത്തിയ അക്രമങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കമ്മിഷണര്‍ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തു.
മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡ് മറികടന്നുപോകാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയെറിഞ്ഞ കണ്ണീര്‍വാതക ഷെല്‍ പ്രവര്‍ത്തരില്‍ ഒരാള്‍ തിരിച്ചെറിഞ്ഞു. ഇതേത്തുടര്‍ന്ന് പോലീസുകാര്‍ ഇരുവശത്തുമുള്ള സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി.
മഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു. പ്രവര്‍ത്തകന്‍റെ കഴുത്തുഞെരിച്ച പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ഇ. ബൈജുവിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ജില്ലയില്‍ മുഖ്യമന്ത്രിയുടെ നവകേരളസദസ്സിനോട് അനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു. പ്രവര്‍ത്തകരെ വ്യാപകമായി കസ്റ്റഡിയില്‍ എടുക്കുകയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം.