NATIONAL
ശ്രീരാമ ഭക്തരെ മാത്രമേ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളൂ. ഉദ്ധവ് താക്കറെയുടെ പരാമർശത്തോട് പ്രതികരിച്ച് അയോദ്ധ്യയിലെ മുഖ്യ പുരോഹിതൻ

അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ പരാമർശത്തോട് പ്രതികരിച്ച് അയോദ്ധ്യയിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ശ്രീരാമ ഭക്തരെ മാത്രമേ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി
‘ശ്രീരാമ ഭക്തരെ മാത്രമേ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളൂ. രാമന്റെ പേരിൽ ബിജെപി പോരാടുന്നുവെന്ന് പറയുന്നത് തെറ്റാണ്. നമ്മുടെ പ്രധാനമന്ത്രി എല്ലായിടത്തും ബഹുമാനിക്കപ്പെടുന്നു. തന്റെ ഭരണത്തിൻകീഴിൽ അദ്ദേഹം മഹത്തായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇതിൽ രാഷ്ട്രീയമില്ല. അത് അദ്ദേഹത്തിന്റെ ഭക്തിയാണ്.’- ആചാര്യ സത്യേന്ദ്ര ദാസ് വ്യക്തമാക്കി.ഭഗവാനെ തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കൽ മാത്രമേ ബിജെപി ഇനി ചെയ്യാൻ ബാക്കിയുള്ളൂവെന്ന ശിവസേന നേതാവ് സഞ്ജയ് റൗട്ടിന്റെ പരാമർശത്തെയും ആചാര്യ സത്യേന്ദ്ര ദാസ് രൂക്ഷമായി വിമർശിച്ചു.
‘അവർ ശ്രീരാമന്റെ പേരിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരാണ്. രാമനിൽ വിശ്വസിക്കുന്നവരാണ് അധികാരത്തിലിരിക്കുന്നത്. അദ്ദേഹം എന്ത് വിഡ്ഢിത്തമാണ് പറയുന്നത്? ശ്രീരാമനെ അപമാനിക്കുകയാണ്.’ ആചാര്യ സത്യേന്ദ്ര ദാസ് കുറ്റപ്പെടുത്തി. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി രാമന്റെ പേരിൽ വോട്ട് തേടുമെന്നും സജ്ജയ് റൗട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.