Connect with us

KERALA

പെരിയ ഇരട്ട കൊല കേസന്വേഷണം സി.ബി.ഐക്ക് തന്നെ . സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടി

Published

on

ന്യൂഡൽഹി: പെരിയ കേസിൽ സി.ബി.ഐ. അന്വേഷണം നടത്തുന്നതിനെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. സിബിഐ അന്വേഷണം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ജസ്റ്റിസ് നാഗേശ്വർ റാവുവിന്റെ അധ്യക്ഷതയിലുളള ബെഞ്ച് വിധി പ്രസ്താവിച്ചത്. നേരത്തേ ഹർജി പരിഗണിച്ചപ്പോൾ തന്നെ സി.ബി.ഐ.ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ഈ കേസിന്റെ അന്വേണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹകരണങ്ങൾ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. തങ്ങൾ കേസ് അന്വേഷണം ആരംഭിച്ചിരുന്നുവെന്നും 2018-ൽ തന്നെ കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ .രജിസ്റ്റർ ചെയ്തിരുന്നുവെന്നും സി.ബി.ഐ. കോടതിയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ശരത്തിന്റെയും കൃപേഷിന്റെയും മാതാപിതാക്കളുടെ സാക്ഷിമൊഴികൾ തങ്ങൾ രേഖപ്പെടുത്തിയതായും സി.ബി.ഐ.അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സർക്കാർ ഹർജി തള്ളിയിരിക്കുന്നത്.

ചില രേഖകൾ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിരുന്നു. രണ്ടാമത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് ശേഷം കേസ് ഡയറി കൈമാറുന്നതിനായി സംസ്ഥാന സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ കേസിന്റെ നടപടികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കേസ് ഡയറി നൽകാൻ തയ്യാറായില്ല. അതിനാൽ കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ തങ്ങൾക്ക് കഴിഞ്ഞിരുന്നില്ലെന്നും സി.ബി.ഐ. സുപ്രീംകോടതിയെ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ വാദം ജസ്റ്റിസ് എൽ.നാഗേശ്വർ റാവുവിന്റെ അധ്യക്ഷതയിലുളള ബെഞ്ച് കേൾക്കുകയും ചെയ്തു. പെരിയ കേസിൽ ക്രൈംബ്രാഞ്ച് നേരത്തേ വിശദമായ അന്വേഷണം നടത്തിയിരുന്നു. കുറ്റപത്രം സമർപ്പിക്കുകയും വിചാരണ നടപടികളിലേക്ക് കടക്കാനുളള സാഹചര്യവും ഉണ്ടായിരുന്നു. കുററപത്രം കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടാമത് ഒരു അന്വേഷണം കേസിൽ ആവശ്യമില്ലെന്നാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻവാദിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ സുപ്രീംകോടതി തള്ളുകയായിരുന്നു

സുപ്രീംകോടതി വിധിയെ കൃപേഷിന്റെയും ശരത്തിന്റെയും കുടുംബം സ്വാഗതം ചെയ്തു. ‘മുഖ്യമന്ത്രിയെ നമ്മുടെ മുഖ്യമന്ത്രിയെന്ന് പറയാൻ ലജ്ജ തോന്നുന്നു. നമ്മുടെ മക്കളെ കൊല്ലുന്ന ഒരാളെ നാട് ഭരിക്കുന്ന മുഖ്യമന്ത്രി എന്ന് പറയാൻ സാധിക്കില്ല. ഘാതകരായി മാത്രമേ അദ്ദേഹത്തെ കാണാൻ പറ്റൂ. എന്നിട്ടും നമ്മൾക്കെതിരായി നീങ്ങുന്നു. പ്രതികളെ രക്ഷപ്പെടുത്തുന്നു. ഇത്രയും അനീതിയും നെറികെട്ട ഒരു ഭരണം നയിക്കുന്ന സർക്കാരിന് കിട്ടിയ ഏറ്റവും വലിയ അടിയാണ് ഈ വിധിയെന്നും കൃപേഷിന്റെയും ശരത്തിന്റെയും കുടുംബാംഗങ്ങൾ പറഞ്ഞു.

Continue Reading