Connect with us

NATIONAL

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു.

Published

on

പാറ്റ്‌ന: ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. 72 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. രോഗബാധയെ തുടര്‍ന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പ്രചാരണത്തിനും താനില്ലെന്ന് പറഞ്ഞ് കുറച്ച് മാസങ്ങളായി സുശീല്‍ സജീവ പൊതുപ്രവര്‍ത്തന രംഗത്തുനിന്ന് മാറിനില്‍ക്കുകയായിരുന്നു. സുശീല്‍ കുമാര്‍ മോദിയുടെ മരണവാര്‍ത്ത ബിഹാര്‍ ബിജെപി സ്ഥിരീകരിച്ചു.
നിതീഷ് കുമാര്‍ സര്‍ക്കാരിനൊപ്പം ദീര്‍ഘകാലം സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്ത് എത്തുന്നത്. പട്ന യൂണിവേഴ്സിറ്റിയിലെ മുന്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എബിവിപിയുടേയും ബിജെപിയുടേയും സംഘടനാതലത്തിലെ ചില നിര്‍ണായക പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥകാലത്തെ പൊതുപ്രവര്‍ത്തനത്തിന്റെ പേരില്‍ 19 മാസത്തോളം സുശീല്‍ കുമാര്‍ മോദി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

സൗമ്യനായ രാഷ്ട്രീയക്കാരന്‍ എന്ന നിലയ്ക്കാണ് സുശീല്‍ കുമാര്‍ മോദി അറിയപ്പെടുന്നത്. ജെഡിയു-ബിജെപി സഖ്യത്തെ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ സുശീല്‍ കുമാര്‍ മോദി നിര്‍ണായക പങ്കാണ് വഹിച്ചത്. നിതീഷ് കുമാറുമായി അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. മലയാളിയായ ജെസ്സി ജോര്‍ജാണ് സുശീലിന്റെ ഭാര്യ. കേരളവുമായും വളരെ അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്.

Continue Reading