KERALA
കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.രാമങ്കരി പഞ്ചായത്തിൽ സിപിഎം പഞ്ചായത്ത് പ്രസിഡണ്ടിന് സ്ഥാനം നഷ്ടമായി.

ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ സിപിഎം പഞ്ചായത്ത് പ്രസിഡൻ്റായ രാജേന്ദ്രകുമാറിന് സ്ഥാനം നഷ്ടമായി. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് നാല് സിപിഎം അംഗങ്ങളും നാല് കോൺഗ്രസ് അംഗങ്ങളും വോട്ടുചെയ്തു. രാജേന്ദ്രകുമാറും മറ്റു നാല് സിപിഎം അംഗങ്ങളും അവിശ്വാസത്തെ എതിർത്തു വേട്ടുരേഖപ്പെടുത്തി.
ഇവിടെ തുടർച്ചയായി 25 വർഷത്തെ സിപിഎം ഭരണമാണ് ഇന്നത്തോടെ അവസാനിച്ചത്. കുട്ടനാട്ടിലെ സിപിഎം വിഭാഗീയതയുടെ ഭാഗമായി ഏറെ നാളായി രാജേന്ദ്രകുമാർ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. ഇരുന്നൂറിലധികം പേർ അടുത്തിടെ സിപിഎം വിട്ട് സിപിഐയിൽ ചേരുകയും ചെയ്തു.
പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പുറത്തുവന്ന രാജേന്ദ്രകുമാറിനെ സിപിഐ പ്രവർത്തകർ രക്തഹാരമണിയിച്ചാണ് സ്വീകരിച്ചത്. ദുർബലന്മാർ എന്തും ചെയ്യുമെന്നും സിപി ഐ യെ ശക്തിപ്പെടുത്തുന്നതിനുള്ള നല്ല നിലപാടുമായി മുന്നോട്ടു പോകുമെന്നും രാജേന്ദ്രകുമാർ പറഞ്ഞു. രാജേന്ദ്രകുമാർ പ്രസിഡന്റായി ഇരിക്കുന്നിടത്തോളം കാലം സിപിഎം ഇവിടെ വളരില്ല എന്നതുകൊണ്ടാണ് ഞങ്ങൾ കോൺഗ്രസിനോടൊപ്പം ഒപ്പിട്ടുകൊടുത്തത് എന്നാണ് പറയുന്നത്. സിപിഎം തന്ന അംഗീകാരമായി ഇതിനെ കാണുന്നതായും അദ്ദേഹം പറഞ്ഞു.
സി.പി.എം നേതൃത്വത്തിന്റെ അവസരവാദ സമീപനം ജനങ്ങൾ വിലയിരുത്തുമെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. കോൺഗ്രസും സി.പി.എമ്മും യോജിച്ച് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റിനെതിരെ നൽകിയ അവിശ്വാസ പ്രമേയം പാസായത് ഇരു പാർട്ടികളുടെയും ജില്ലാ നേതൃത്വങ്ങളുടെ കാർമ്മികത്വത്തിലാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. കേവലം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി തിരഞ്ഞെടുപ്പിനുപോലും പഞ്ചായത്ത് അംഗങ്ങൾക്ക് വിപ്പ് നൽകുന്ന സി.പി.എം ജില്ലാ നേതൃത്വം രാമങ്കരിയിൽ വിപ്പ് നൽകാതിരുന്നത് ഈ ഒത്തുകളിയുടെ ഭാഗമായിട്ടാണെന്നും ടി.ജെ.ആഞ്ചലോസ് കൂട്ടിച്ചേർത്തു.