Connect with us

International

മോദിയുടെ  അജയ്യതയുടെ പ്രഭാവലയം തകര്‍ന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ

Published

on

വാഷിങ്ടണ്‍: മൂന്നാംതവണയും പുഷ്പംപോലെ സര്‍ക്കാരുണ്ടാക്കാമെന്ന എന്‍.ഡി.എ.യുടെ സ്വപ്നത്തിനേറ്റ തിരിച്ചടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പുഫലമെന്ന് വിലയിരുത്തി അന്താരാഷ്ട്ര മാധ്യമങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുചുറ്റുമുള്ള അജയ്യതയുടെ പ്രഭാവലയം തകര്‍ന്നെന്ന് ‘ന്യൂയോര്‍ക്ക് ടൈംസ്’ എഴുതി.
നിലവിലെ വ്യവസ്ഥിതിയോടും ഭരണകൂടത്തോടുമുള്ള അതൃപ്തിയും ജനത വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയെന്നും തുടരെ വിജയിച്ച മോദിയെ വിറപ്പിച്ചെന്നും ‘ദ വാഷിങ്ടണ്‍ പോസ്റ്റ്’ പ്രസ്താവിച്ചു. അധികാരത്തില്‍ വന്നശേഷം ആദ്യമായി ബി.ജെ.പി.ക്ക് ചെറുകക്ഷികളുടെ പിന്തുണ തേടേണ്ട സ്ഥിതിയാണെന്ന് സി.എന്‍.എന്‍. പറഞ്ഞു.
തിരഞ്ഞെടുപ്പുഫലം മോദിയെന്ന ബ്രാന്‍ഡിന്റെ പ്രഭകെടുത്തുന്നതാണെന്നും രാജ്യത്ത് കാര്യമായ ഭരണവിരുദ്ധവികാരമുണ്ടായെന്നതിന്റെ സൂചനയാണെന്നും ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു. പ്രതിപക്ഷത്തിന് പുത്തന്‍ ഊര്‍ജംനല്‍കുന്ന ഫലമാണിതെന്നും പറഞ്ഞു.
മോദിക്കുള്ള ശകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്നാണ് ‘ദ വോള്‍ സ്ട്രീറ്റ് ജേണല്‍’ എഴുതിയത്.
മൂന്നാംഭരണത്തില്‍ മോദി സര്‍ക്കാര്‍ ആഭ്യന്തരകാര്യങ്ങളില്‍ ശ്രദ്ധയൂന്നുമെന്നും പൊതുജനക്ഷേമത്തിലും വളര്‍ച്ചയുടെ പ്രയോജനം നീതിപൂര്‍വം വിതരണം ചെയ്യുമെന്നും ഹിന്ദു ദേശീയതാവാദത്തിന്റെ തീവ്രത മയപ്പെടുത്തുമെന്നും ചൈനീസ് പത്രമായ ‘ചൈനാ ഡെയ്ലി’ വിലയിരുത്തി.
മങ്ങിയതാണെങ്കിലും മോദിയുടെ ജയം പാകിസ്താന് ശുഭസൂചനയല്ലെന്ന് ‘ദുര്‍ബലമെങ്കിലും മാരകം’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ പാകിസ്താനിലെ ‘ഡോണ്‍’ ദിനപത്രം എഴുതി.

Continue Reading