Connect with us

KERALA

പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളെ പേടിപ്പിക്കാനുള്ള സേനയല്ല പൊലീസെന്നും ഏതൊരു സർക്കാർ ഓഫീസും പോലെ വരാന്‍ പൊതുസമൂഹത്തിന് ഭയമുണ്ടാക്കരുതെന്നും ഹൈക്കോടതി

Published

on

കൊച്ചി: ആലത്തൂരിൽ അഭിഭാഷകനോട് എസ്‌ഐ മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ ഹർജിയിൽ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളെ പേടിപ്പിക്കാനുള്ള സേനയല്ല പൊലീസെന്നും ഏതൊരു സർക്കാർ ഓഫീസും പോലെ വരാന്‍ പൊതുസമൂഹത്തിന് ഭയമുണ്ടാക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയിൽ ഓൺലൈനായി ഹാജരായ ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിനാണ് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നൽകിയത്.

ആവര്‍ത്തിച്ച് സർക്കുലർ ഇറക്കിയതു കൊണ്ടോ അത്തരം നടപടികൾ സ്വീകരിച്ചതു കൊണ്ടോ മാത്രമായില്ല. ജനങ്ങളോടു സൗഹാർദത്തോടെ പെരുമാറണം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി മാറ്റണം. പരിഷ്കൃത കാലഘട്ടത്തിലാണ് പൊലീസ് സേനയുള്ളതെന്ന് ഓർമ്മിക്കണം. എത്ര പ്രകോപനം ഉണ്ടായാലും മാന്യമായി പെരുമാറാൻ സാധിക്കണം. പൊലീസ് നടപടികളില്‍ സുതാര്യത വേണമെന്നും പുതിയ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നൽകണമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

എന്നാൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടാകുന്ന വീഴ്ചയിൽ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഡിജിപി ഹൈക്കോടതിയിൽ വിശദീകരിച്ചു. ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല പെരുമാറ്റമുള്ളവരാണെന്നും മോശമായി പെരുമാറുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാമെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.

കേസില്‍ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേരത്തെയും പൊലീസിനെതിരെ വിമർശനം നടത്തിയിരുന്നു. ആലത്തൂര്‍ കേസിൽ എസ്ഐ റനീഷിനെതിരെ കൂടുതൽ തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും ഹർജിക്കാരനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

Continue Reading