Connect with us

KERALA

അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി പ്രാദേശിക മുങ്ങൽവിദ​ഗ്ധരും മത്സ്യത്തൊഴിലാളികളും എത്തുന്നു

Published

on

ഷിരൂർ: ദക്ഷിണ കർണാടകയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി പ്രാദേശിക മുങ്ങൽവിദ​ഗ്ധരും മത്സ്യത്തൊഴിലാളികളും എത്തും. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നുള്ള സംഘം അൽപസമയത്തിനകം ഷിരൂരിലേക്കെത്തുമെന്നാണ് വിവരം. തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി ഇവർക്കറിയാം. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവരാണിവർ.

പുഴയുടെ ശക്തമായ അടിയൊഴുക്കിൽ കഴിഞ്ഞദിവസങ്ങളിൽ നാവികസേനയുടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. നേവിയുടെ സ്ക്യൂബ സംഘത്തിന് പുഴയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഇതോടെ പുതിയ സംവിധാനമായ പോന്റൂൺ സ്ഥാപിച്ച് നാവികസേനയുടെ മുങ്ങൽവിദഗ്ധർ ഇറക്കാനുള്ള നീക്കവും ശനിയാഴ്ച നടക്കും. അർജുൻ ലോറിക്കകത്തുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക.

ഗംഗാവാലി നദിയിലെ അടിയൊഴുക്ക് ആറു നോട്ടിക്കൽ മൈൽവരെ വേഗത്തിലാണ്. അതുകൊണ്ട് ലോറിയുള്ള സ്ഥലം കണ്ടെത്തിയിട്ടും രണ്ടുദിവസമായി നാവികസേനയ്ക്ക് ഇറങ്ങാൻ കഴിയുന്നില്ല. അതുകൊണ്ടാണ് തിരച്ചിൽ നീണ്ടുപോവാതിരിക്കാൻ ഇങ്ങനെയൊരു സംവിധാനം പരീക്ഷിക്കുന്നതെന്ന് കാർവാർ എം.എൽ.എ. സതീശ്‌വേൽ മാധ്യമങ്ങളോട് പറഞ്ഞു. 10 ടണ്ണിന്റെയും 25 ടണ്ണിന്റെയും രണ്ടു പോന്റൂണുകളാണ് നദിയിൽ നങ്കൂരമിട്ട് സ്ഥാപിക്കുക. പോന്റൂൺ കുത്തൊഴുക്കിനെ തടഞ്ഞുനിർത്തും. അതിന്റെ സഹായത്തോടെ ഇറങ്ങുമ്പോൾ ഒഴുകിപ്പോവില്ലെന്നാണ് പ്രത്യേകത.

ശനിയാഴ്ച ഉച്ചയ്ക്കുശേഷം പുതിയ സംവിധാനമുപയോഗിച്ച് തിരച്ചിൽ നടത്തുമെന്ന് ഉത്തര കന്നഡ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. അതേസമയം ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്നൽകൂടി ലഭിച്ചു. ലോറി നേരത്തേയുണ്ടായിരുന്ന ഭാഗത്തുനിന്ന് ഒഴുകി നീങ്ങുകയാണോ എന്നാണ് സംശയം.

Continue Reading