KERALA
ബെയ്ലി പാലം പണി അവസാന ഘട്ടത്തിൽ ‘ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ ദുരന്തസ്ഥലത്തേക്കെത്തിച്ച് സ്ഥലങ്ങള്‍ സ്‌പോട്ട് ചെയ്യും.

കൽപ്പറ്റ: ബെയ്ലി പാലം പണി പൂർത്തിയാകുന്നതോടെ യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാനാകുമെന്ന് റെവന്യു മന്ത്രി കെ. രാജൻ. ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ കൂടെ ദുരന്തസ്ഥലത്തേക്കെത്തിച്ച് സ്ഥലങ്ങള്‍ സ്‌പോട്ട് ചെയ്യും. നൂറിലധികം ആംബുലൻസുകൾ സ്ഥലത്ത് ക്രമീകരിച്ചിട്ടുണ്ട്.
പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയായതായാണ് റിപ്പോർട്ട്. അതുവഴി, കൂടുതൽ ജെ.സി.ബിയും ഹിറ്റാച്ചിയും അടക്കമുള്ള വാഹനങ്ങൾ മുണ്ടക്കൈയിലേക്ക് എത്താൻ സാധിക്കും. രാത്രി വൈകിയും നിർമാണവുമായി മുന്നോട്ട് പോയതിനാലാണ് പാലം നിർമാണം അതിവേഗത്തിൽ പൂർത്തീകരിക്കാനാകുന്നത്.
യുദ്ധകാലടിസ്ഥാനത്തിലാണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. ബെയ്ലി പാലം നിര്‍മിക്കാൻ ആവശ്യമായ സാമഗ്രികളും ഉപകരണങ്ങളുമായി ഡല്‍ഹിയില്‍നിന്നുള്ള വ്യോമസേനാ വിമാനം ബുധനാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി) യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവതിനാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല.
ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ ഉരുക്കുഗർഡറുകളും പാനലുകളുമാണ് ബെയ്‍ലി പാലം നിർമാണത്തിനുപയോഗിക്കുന്നത്. ഘടകങ്ങൾ കൂട്ടിച്ചേർക്കാൻ പ്രത്യേക ഉപകരണങ്ങൾ വേണ്ട എന്ന പ്രത്യേകതയുമുണ്ട്. ഇരുകരകളിലും തയ്യാറാക്കുന്ന പ്ലാറ്റ്ഫോമിൽ ബെയ്‌ലി പാനലുകൾ കൂട്ടിയോജിപ്പിച്ച് അതിൽ ഉരുക്ക് ഗർഡറുകൾ കുറുകെ നിരത്തിയാണ് നിർമാണം.
ഉരുക്കുപാനലുകളെ പരസ്പരം ബന്ധിപ്പിക്കുകയും വാഹനങ്ങൾ കടന്നുപോകാൻ കഴിയുംവിധം ട്രാക്ക് തയ്യാറാക്കുകയും ചെയ്യും. അതോടൊപ്പം ഇരുമ്പുതൂണുകൾ ഉപയോഗിച്ച് പാലം ബലപ്പെടുത്തും. അതിലൂടെ വാഹനങ്ങൾക്കുപോകാൻ കഴിയും.