KERALA
പോരാളിമാരുടെ പേരുകള്‍ പുറത്തുവരുന്നത് നല്ല ലക്ഷണമാണ്ഇതിനെ സി.പി.എം. പ്രവര്‍ത്തകര്‍ തന്നെ ചോദ്യം ചെയ്യണം.

വടകര: തിരഞ്ഞെടുപ്പുകാലത്ത് ഉയര്‍ന്ന കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എം.പി. വേണ്ടത് ‘റെഡ് എന്‍കൗണ്ടറാ’ണ്. ഇതിനെ സി.പി.എം. പ്രവര്‍ത്തകര്‍ തന്നെ ചോദ്യം ചെയ്യണം. മന്ദഗതിയിലാണെങ്കിലും അന്വേഷണം പുരോഗമിക്കുന്നതില്‍ സന്തോഷമുണ്ട്. വര്‍ഗീയത ഉപയോഗിച്ച് ജയിക്കുന്നതിനേക്കാള്‍ നല്ലത് തോല്‍ക്കുന്നതാണെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.ഇതിന്റെ പേരില്‍ അത്യാഹ്‌ളാദമോ ആഘോഷമോ ഒന്നുമില്ല. കാരണം ഞങ്ങള്‍ക്കിത് നേരത്തേ അറിയാവുന്നതാണ്. ഞങ്ങളിത് പറഞ്ഞതാണ്. കോടതിയുടെ ഇടപെടലും പോലീസിന്റെ റിപ്പോര്‍ട്ടും അന്വേഷണവുമൊക്കെ വരുന്നതിന് മുമ്പ് തന്നെ അത് വ്യാജമാണെന്ന് പൂര്‍ണമായി തിരിച്ചറിഞ്ഞ വടകരയിലെ ജനങ്ങളോടുള്ള നന്ദി ഒരിക്കല്‍ കൂടി അറിയിക്കുകയാണ്.
പോരാളിമാരുടെ പേരുകള്‍ പുറത്തുവരുന്നത് നല്ല ലക്ഷണമാണ്.അവരെ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആളുകളായി പലരും ചിത്രീകരിക്കുകയാണ്. അങ്ങനെയാണെങ്കില്‍ അവര്‍ പോസ്റ്റ് ചെയ്യുന്ന സാധനങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് എതിര്‍സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനും വര്‍ഗീയമായി ആക്ഷേപിക്കാനും ആവശ്യാനുസരണം ഉപയോഗിക്കാന്‍ ശ്രമിച്ചത് തിരുത്തട്ടെ.
മുഖമില്ലാത്ത ആളുകളായിരുന്നതുകൊണ്ടാണല്ലോ ഇത്രയും ദിവസം തള്ളിപ്പറഞ്ഞത്. ഇപ്പോള്‍ മുഖമുള്ള ആളുകളെ കുറിച്ച് അന്വേഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. അടിമുടി സി.പി.എം. പ്രവര്‍ത്തകരാണ്. അടുത്തകാലത്ത് നടന്ന സംഭവവികാസങ്ങളില്‍ പോലും സി.പി.എമ്മിനുവേണ്ടി നിരന്തരം പ്രതികരിക്കുന്നവരാണ്.
ഇത് വേറെ ഏതെങ്കിലും പാര്‍ട്ടിയിലെ ആളുകളായിരുന്നെങ്കില്‍ ഇങ്ങനെയാണോ പോലീസ് കൈകാര്യം ചെയ്യുക? കോടതിയുടെ ഇടപെടല്‍ ആവശ്യം വരില്ലായിരുന്നു. മണിക്കൂറുകള്‍ക്കകം കേസെടുക്കാന്‍ അത്യുല്‍സാഹത്തോടെ ഇറങ്ങുമായിരുന്ന പോലീസ് ഇക്കാര്യത്തില്‍ സ്ലോ മോഷനിലാണ്. അതിന്റെ കാരണമെന്താ.ഇത് ചെന്നുനില്‍ക്കുന്നത് ആരിലേക്കാണെന്ന് പോലീസിന് കൃത്യമായി അറിയുന്നതുകൊണ്ടാണെന്നും ഷാഫി കൂട്ടിച്ചേർത്തു