KERALA
കഴക്കൂട്ടത്തു നിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്താന്‍ പോലീസിന്റെ വ്യാപക തിരച്ചില്‍.

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ അസം സ്വദേശിനിയാ 13 വയസുകാരിയെ കണ്ടെത്താന്‍ കേരള പോലീസിന്റെ വ്യാപക തിരച്ചില്‍. കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീക് തംസമിനെ കണ്ടെത്താനാണ് കന്യാകുമാരിയിലടക്കം പോലീസ് തിരച്ചിൽ നടത്തുന്നത്. കേരള പോലീസ് സംഘം കന്യാകുമാരിയിലെത്തി തിരച്ചിൽ നടത്തിവരികയാണ്.
ചൊവ്വാഴ്ച രാവിലെ 10-മണിയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് വിവരം കഴക്കൂട്ടം പോലീസില്‍ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിക്ക് അസമീസ് ഭാഷയല്ലാതെ മറ്റ് ഭാഷകളൊന്നും അറിയില്ല.
കുട്ടി കന്യാകുമാരിയിലേക്ക് പോയെന്നാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച തമ്പാനൂരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടെന്ന് ഇതേ ട്രെയിനിലെ യാത്രക്കാരി പോലീസിനെ അറിയിച്ചിട്ടുണ്ട്. ട്രെയിനിലിരുന്ന് കരയുന്നതു കണ്ട് ഇവര്‍ കുട്ടിയുടെ ചിത്രം പകര്‍ത്തുകയായിരുന്നു. ഈ ചിത്രം പോലീസ് കുട്ടിയുടെ പിതാവിനെ കാണിച്ചു. ചിത്രത്തിലുള്ളത് തസ്മീക് തന്നെയാണെന്ന് പിതാവ് അന്‍വര്‍ ഹുസൈന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെയാണ് പോലീസ് കന്യാകുമാരിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
പോലീസ് അന്വേഷണത്തിനിടെ, തസ്മീന്‍ തിരുവനന്തപുരത്തുനിന്ന് അസമിലെ സില്‍ച്ചറിലേക്കു പോയ അരോണയ് എക്‌സ്പ്രസിലുണ്ടെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് രാത്രി 12.15-ന് തീവണ്ടി പാലക്കാട്ടെത്തിയപ്പോള്‍ ആര്‍.പി.എഫും പോലീസ് ഉദ്യോഗസ്ഥരും തീവണ്ടി മുഴുവന്‍ പരിശോധിച്ചു. 12.30 വരെ ജനറല്‍ കംപാര്‍ട്ടുമെന്റുകളിലും എ.സി. കോച്ചുകളിലും ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
തീവണ്ടിയിലെ യാത്രക്കാരോട് ഫോട്ടോ കാണിച്ച് കുട്ടിയെ അന്വേഷിച്ചു. തുടര്‍ന്ന് പോലീസ് ഈ തീവണ്ടിയില്‍ കോയമ്പത്തൂര്‍വരെ യാത്ര നടത്താന്‍ തീരുമാനിച്ചു. കോയമ്പത്തൂര്‍ റെയില്‍വേ പോലീസിനും ഇതു സംബന്ധിച്ച് വിവരം കൈമാറി. തൊട്ടുപിന്നാലെ പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ തിരുവനന്തപുരം-എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ്സിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല