KERALA
പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച വിവരാവകാശത്തിന് തെറ്റായ മറുപടി നല്‍കിയ ഡിവൈ.എസ്.പിക്ക് സസ്പെന്‍ഷൻ

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയതിലെ അന്വേഷണം സംബന്ധിച്ച വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ നടപടി.വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും എന്‍.ആര്‍.ഐ. സെല്‍ ഡിവൈ.എസ്.പിയുമായ എം.എസ്. സന്തോഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.
തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ എന്നുള്ളതായിരുന്നുവിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. അതില്‍, അന്വേഷണം നടക്കുന്നില്ലെന്നായിരുന്നു ലഭിച്ച മറുപടി.
എന്നാല്‍, ഈ അവസരത്തില്‍ എ.ഡി.ജി.പി. തലത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു. ഈ വിവരം മറച്ചുവെച്ചുവെച്ചതിനാലാണ് നടപടി. തെറ്റായ മറുപടി സര്‍ക്കാരിനും സേനയ്ക്കും കളങ്കം വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.”