Connect with us

KERALA

അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം.പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ നയങ്ങളെ കുറിച്ചോ  വ്യക്തമായ ധാരണ അൻവറി നില്ല

Published

on

ന്യൂഡല്‍ഹി:  നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ഇടത് എംഎല്‍എ അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറിയിരിക്കുന്ന സ്ഥിതിയാണ് കാണാന്‍ സാധിച്ചത്. അന്‍വറിന്റെ നിലപാടിനെതിരായി പാര്‍ട്ടിയെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്നും  ഗോവിന്ദന്‍ ഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ
ആവശ്യപ്പെട്ടു

പാര്‍ട്ടിയേയും സര്‍ക്കാരിനെയും തകര്‍ക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും മാധ്യമങ്ങളും പ്രചാരണം നടത്തിവരികയാണ്. അതേറ്റുപിടിച്ച് പുറപ്പെട്ടിരിക്കുകയാണ് അന്‍വര്‍ ചെയ്തിട്ടുള്ളതെന്നും ഗോവിന്ദന്‍്് പറഞ്ഞു

അന്‍വറിന്റെ നിലപാടുകളും രാഷ്ട്രീയസമീപനങ്ങളും പരിശോധിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംവിധാനത്തേക്കുറിച്ച് അയാള്‍ക്ക് കാര്യമായ ധാരണയില്ലെന്ന് വ്യക്തമാകും. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച അന്‍വര്‍ നടത്തിയ പത്രസമ്മേളനത്തില്‍ വലിയ രീതിയിലുള്ള പ്രചാരണം സംഘടിപ്പിച്ചത് അദ്ദേഹം മുമ്പ് എതെല്ലാം കാര്യങ്ങളാണോ വിശദീകരിച്ചത് അതിനെല്ലാം എതിരായിട്ടാണ്.അന്‍വര്‍ പഴയകാല കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു. കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് വിട്ടു. ഡിഐസി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹം തിരിച്ചുപോയില്ല. നിലമ്പൂരില്‍ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. എല്‍ഡിഎഫ് സഹകരണത്തോടെ മത്സരിച്ച് ജയിച്ചു. മുമ്പ് സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ പരാജയപ്പെടുകയാണ് ഉണ്ടായതെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയിലെ സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന അദ്ദേഹത്തിന്റെ വാദം തെറ്റാണ്. ഇത്രയും കാലം എംഎല്‍എയായിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. വര്‍ഗബഹുജന സംഘടനകളില്‍ ഇന്നേവരെ പ്രവര്‍ത്തിച്ചിട്ടുമില്ല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് ഇടതുപക്ഷത്തിന്റെ സഹയാത്രികനായി സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗമായിട്ടുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയവുമായി ബന്ധമുള്ള വേദികളിലൊന്നും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ നയങ്ങളെ കുറിച്ചോ സംഘടനാരീതികളെ കുറിച്ചോ വ്യക്തമായ ധാരണ അദ്ദേഹത്തിനില്ല.
ജനങ്ങള്‍ നല്‍കുന്ന പരാതി പരിശോധിച്ച് മുന്നോട്ടുപോകുന്ന രീതിയാണ് സിപിഎമ്മിനുള്ളത്. അന്‍വര്‍ നല്‍കിയ പരാതിയും ആ തരത്തില്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. പരസ്യമായി ഉന്നയിച്ച ശേഷമാണ് പരാതി നല്‍കിയത്. അത് പാര്‍ട്ടിയുടെ ശൈലിയല്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ചു. പാര്‍ട്ടി സെക്രട്ടറിയേറ്റ് അന്‍വര്‍ നല്‍കിയ പരാതി പരിശോധിച്ചിരുന്നു. ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഉന്നയിച്ചിരുന്നത് എന്നതുകൊണ്ട് സര്‍ക്കാരിന്റെ പരിഗണനക്ക് വിട്ടു. ആവശ്യമെങ്കില്‍ അതിന്റെ തുടര്‍ച്ചയായി നടപടി സ്വീകരിക്കാമെന്നും തീരുമാനിച്ചു. അന്‍വര്‍ നല്‍കിയ പരാതി പാര്‍ട്ടി ചര്‍ച്ചചെയ്ത് അത് സംബന്ധിച്ചെടുത്ത തീരുമാനം പരസ്യമായി അറിയിക്കുകയും ചെയ്തു. അന്ന് അന്‍വറിന്റെ പരാതിയില്‍ പി. ശശിക്കെതിരായ പരാമര്‍ശം ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് രണ്ടാമതൊരു പരാതി അന്‍വര്‍ നല്‍കിയത്. അത് പാര്‍ട്ടി പരിശോധിച്ച് വരികയാണെന്നും ഗോവിന്ദന്‍  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Continue Reading