Connect with us

KERALA

സി.പി.എം. സംസ്ഥാന കമ്മിറ്റിയില്‍ പിണറായിക്കെതിരെ ഉയർന്നത് രൂക്ഷവിമര്‍ശനം

Published

on

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ ഉയർന്നത് രൂക്ഷവിമര്‍ശനം. പി.ആര്‍. ഏജന്‍സി വിവാദത്തില്‍ നേതാക്കള്‍ മുഖ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാല്‍ വിമര്‍ശനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്വീകരിച്ചത്. സിപിഎമ്മിന്റെ നേതൃയോഗങ്ങള്‍ നടന്നുവരവെയാണ് മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വീണ്ടും കടുത്ത  വിമര്‍ശനമുയരുന്നത് എന്നതാണ് ശ്രദ്ധേയം.

സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റി യോഗങ്ങളും നടന്നുവരികയാണ്. ഇതില്‍ സംസ്ഥാന കമ്മിറ്റി യോഗത്തിനിടെയാണ് കൊച്ചിയില്‍ നിന്നുള്ള നേതാക്കളിലൊരാള്‍ പി.ആര്‍. ഏജന്‍സി വിവാദം എടുത്തിട്ടത്. വിവാദത്തില്‍ പാര്‍ട്ടിയോട് മുഖ്യമന്ത്രിക്കെന്താണ് പറയാനുള്ളത്, വിവാദം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ടോ എന്നുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതിന് പുറമെ അടിക്കടി വിവാദങ്ങളുണ്ടാകുന്നത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന അഭിപ്രായവും പങ്കുവെച്ചു. എന്നാല്‍ ആ കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രി മുമ്പ് വിശദീകരണം നല്‍കിയതാണെന്നും ഇത്തരം കാര്യങ്ങളിലേക്ക് പോകേണ്ടതില്ല എന്നുള്ള തരത്തില്‍ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മുഖ്യമന്ത്രിക്ക് സംരക്ഷണ കവചമൊരുക്കുകയായിരുന്നു.

ഇതിന് ശേഷം അടുത്ത തിരഞ്ഞെടുപ്പുകളേക്കുറിച്ചാണ് സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച നടന്നത്. പാലാക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ചയില്‍ വന്നത്. ഇതനുസരിച്ച് വിവാദങ്ങളേക്കുറിച്ച് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ച് ജനങ്ങളോട് കാര്യങ്ങള്‍ പറയാനാണ് സി.പി.എം. സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമുണ്ടായത്.

ഈ മാസം 15 മുതല്‍ അടുത്ത മാസം 15 വരെ ഒരുമാസം നീണ്ടുനില്‍ക്കുന്ന വിശദീകരണ യോഗങ്ങളാണ് സംഘടിപ്പിക്കുക. ഇതില്‍ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളിക്കും. വര്‍ത്തമാനകാല സ്ഥിതിയും പാര്‍ട്ടിയുടെ സമീപനവും എന്ന പേരിലാകും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുക.

Continue Reading