Connect with us

KERALA

.വി. ഡി സതീശനെതിരെ കടുത്ത ആരോപണങ്ങളുമായി പി. സരിന്‍.ഞാനാണ് പാര്‍ട്ടി എന്ന നിലയിലേക്ക് കോണ്‍ഗ്രസിനെ മാറ്റാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.

Published

on

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പി. സരിന്‍. കോണ്‍ഗ്രസില്‍ സി.പി.എം വിരുദ്ധത വളര്‍ത്തി മൃദു ബിജെപി നിലപാടിലേക്ക് എത്തിക്കുകയാണ് സതീശന്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് വി.ഡി സതീശന്‍ നടത്തിയ അട്ടിമറിയാണ് ഷാഫിയെ സ്ഥാനാര്‍ഥിയാക്കിയത്. അതുകൊണ്ടാണ് ബി.ജെ.പി ജയിക്കാന്‍ സാധ്യതയുള്ള പാലക്കാട് ഉപതിരഞ്ഞെടുപ്പുണ്ടാക്കിയത്. വളര്‍ന്നുവരുന്ന കുട്ടി സതീശനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ തന്നെ വിളിച്ച് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചെന്നും സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേട്ടുകേള്‍വി പോലുമില്ലാത്ത വിധം കോണ്‍ഗ്രസിനെ ഒരു വ്യക്തി ഹൈജാക്ക് ചെയ്യുകയാണ്. ഞാനാണ് പാര്‍ട്ടി എന്ന നിലയിലേക്ക് കോണ്‍ഗ്രസിനെ മാറ്റാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഇങ്ങനെ പോയാല്‍ 2026ല്‍ പച്ചതൊടാന്‍ സാധിക്കില്ല. ശരിയാക്കാന്‍ ഇറങ്ങേണ്ടവര്‍ക്ക് അതിന് താത്പര്യമില്ലാത്ത സ്ഥിതിയാണ്.പ്രതിപക്ഷ സ്ഥാനത്ത് വി.ഡി. സതീശന്‍ എത്തിയതിലെ പിന്നാമ്പുറ കഥകള്‍ എല്ലാവരും അറിയണം. അതൊരു അട്ടിമറിയായിരുന്നു. അതില്‍ അസ്വാഭാവികത ഉണ്ട് എന്നറിഞ്ഞിട്ടും ആരും അന്വേഷിച്ച് പോയില്ല. ആ കഥതള്‍ പൊടിതട്ടിയെടുക്കണം. ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ പ്രതിപക്ഷ-ഭരണപക്ഷ ഐക്യം നിലവിലുണ്ടായിരുന്നു. അത് തകര്‍ത്തത് സതീശനാണ്. സി.പി.എമ്മുമായി ചേര്‍ന്ന് ബി.ജെ.പിയെ എതിര്‍ക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറല്ല. സി.പി.എമ്മാണ് ബി.ജെ.പിയേക്കാള്‍ വലിയ ശത്രു എന്ന ബോധം അദ്ദേഹം പാര്‍ട്ടിയില്‍ അടിച്ചേല്‍പ്പിച്ചു. സി.പി.എം വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ് മൃദു ബി.ജെ.പി. സമീപനത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഗതി തിരിച്ചുവിട്ടു.

2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയിലെ സ്ഥാനാര്‍ഥിയെ ആണ് തോല്‍പ്പിക്കേണ്ടപ്പെടേണ്ടത് എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതിന്റെ അടിസ്ഥാനം പരിശോധിക്കപ്പെടണം. വടകര സി.പി.എം സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ബി.ജെ.പി ഏത് നിമിഷവും പിടിച്ചെടുക്കാവുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിലെ എം.എല്‍.എയെ മത്സരിപ്പിച്ചത് എന്തിനാണ്. ഏറ്റവും വലിയ ശത്രു സി.പി.എമ്മാണ് എന്ന ബോധം പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഉണ്ടാക്കുകയാണ്. പ്രതിപക്ഷ സ്ഥാനത്തിരുന്ന് അദ്ദേഹം നടത്തിയ ഏറ്റവും വലിയ അട്ടിമറിയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പുണ്ടാകാന്‍ തന്നെ കാരണമായത്. ഷാഫിയെ വടകരയില്‍ മത്സരിപ്പിക്കുന്നതിന് മുന്‍പ് ആലോചിച്ചിരുന്നെങ്കില്‍ ഈ സാഹചര്യമുണ്ടാവുമായിരുന്നില്ല. ഇതിന്റെ ഗുണഭോക്താവ് ബി.ജെ.പിയാണ് എന്നകാര്യം അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത് ചെയ്തതെന്നും സരിൻ പറഞ്ഞു.

13 ന് തന്നെ തിരഞ്ഞെടുപ്പ് നടക്കാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പ് മാറ്റണമെന്ന് പറഞ്ഞ് കത്തെഴുതിയത്. 13ന് തിരഞ്ഞെടുപ്പ് നടന്നാല്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് വോട്ട് കൂടും എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ പാലക്കാടിന്റെ ജനവിധി ഇതിനെല്ലാം മറുപടി നല്‍കുമെന്നും സരിൻ പറഞ്ഞു.

Continue Reading