KERALA
ചുവന്ന ഷാളണിയിച്ച് സി.പി.എം ഓഫീസിലെത്തിയ സരിനെ സ്വീകരിച്ചു :സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിട്ട്

പാലക്കാട്: നിയമസഭ ഉപതിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്കെതിയ പി. സരിന് പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉജ്ജ്വല സ്വീകരണം. ‘സഖാവ് സരിന് സ്വാഗതം’ എന്ന് മുദ്രാവാക്ര്യം വിളിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ സരിനെ വരവേറ്റു. ചുവന്ന ഷാളണിയിച്ച് സി.പി.എം. നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു.
നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പി. സരിന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് സരിന്റെ പേര് ഐകകണ്ഠ്യേന പാസാക്കി. സരിന്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്താന്‍ കഴിയുമെന്ന വിലയിരുത്തലും സെക്രട്ടേറിയറ്റിലുണ്ടായി.
എന്നാല്‍, ഇടതുപക്ഷവുമായി സഹകരിക്കുമെന്ന് സരിന് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സ്വീകരണമെന്ന് സി.പി.എം. നേതാവ് എ.കെ. ബാലന്‍ പറഞ്ഞു. സ്ഥാനാര്‍ഥിപ്രഖ്യാപനം വൈകിട്ടേ ഉണ്ടാകൂ.
പാലക്കാട്ട് ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ട സകല ഡീലും ഉറപ്പിച്ച് വച്ചിരിക്കുന്നവരോടുള്ള മറുപടിയാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് സരിന്‍ നേരത്തെ പറഞ്ഞിരുന്നു. ‘ഇടത് സ്ഥാനാര്‍ഥിയാകാനുള്ള ലക്ഷ്യം വിദൂരതയില്‍ പോലുമില്ലായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിലേക്ക് നയിച്ചതാണ്. മൂന്നാം സ്ഥാനത്തുനിന്ന് എല്‍.ഡി.എഫിനെ ഒന്നാം സ്ഥാനത്തെത്തിക്കും. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അധഃപതനത്തെ അടയാളപ്പെടുത്തുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. അധികാരമാണ് രാഷ്ട്രീയമെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയായിരിക്കുമിത്.
ബി.ജെ.പി. ജയിക്കുമോ എന്ന് ആശങ്കപ്പെടുന്നവര്‍ക്കുള്ള സമാശ്വാസ ജയമായിരിക്കും ഇത്. വ്യക്തിപരമായ ആക്രമണം സൈബര്‍ ഇടത്തിലുള്‍പ്പടെ നേരിട്ടുകൊണ്ടിരിക്കുകയാണ്’. തന്റെ പഴയ ഫെയ്സ്ബുക് പോസ്റ്റുകള്‍ കുത്തിപ്പൊക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിഹാസ്യരാവുകയാണെന്നും സരിന്‍ പറഞ്ഞു.