KERALA
നീതിയുക്തമായി ജോലി ചെയ്യുന്നവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവീൻ ബാബുവിൻ്റെ മരണം കഴിഞ്ഞ് ഒമ്പതാം നാൾ മുഖ്യമന്തി മൗനം വെടിഞ്ഞു ‘നിര്‍ഭയമായി, നീതിയുക്തമായി ജോലി ചെയ്യുന്നവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍ഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഈയടുത്ത കാലത്ത് നമ്മുടെ സര്‍വീസിലുണ്ടായിരുന്ന ഒരാളുടെ കാര്യം നാട് പ്രത്യേകമായി ശ്രദ്ധിക്കുന്ന ഘട്ടമാണിത്. കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണ്. സത്യസന്ധമായി ജോലി ചെയ്യുന്നവരെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. ഇതുപോലൊരു ദുരന്തം ഇനി നാട്ടില്‍ ഉണ്ടാവരുത്. ശക്തമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കും. അത് ഉറപ്പിക്കാനുള്ള നടപടി ഉണ്ടാവും.’ – മുഖ്യമന്ത്രി പറഞ്ഞു
സിവില്‍ സര്‍വീസ് രംഗം മെച്ചപ്പെടണമെന്നും പഴയ കാലഘട്ടത്തിന്റെ ഹാങ് ഓവര്‍ ചിലര്‍ക്ക് ഇപ്പോഴുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഉണ്ടാവരുത്. കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. ഫയല്‍ നീക്കത്തിന്റെ വേഗം വര്‍ധിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വകുപ്പുകള്‍ക്കിടയിലെ ഫയല്‍ നീക്കത്തിന് കാലതാമസം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.