Connect with us

KERALA

ശോഭാ സുരേന്ദ്രന്‍ വീട്ടിലെത്തിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് തിരൂര്‍ സതീഷ് : തൻ്റെ സഹോദരിയുടെ വീട്ടിൽ നിന്നെടുത്ത ഫോട്ടോയെന്ന് ശോഭ

Published

on

തൃശ്ശൂര്‍: തിരൂര്‍ സതീഷിന്റെ വീട്ടില്‍ എത്തിയില്ല എന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. ശോഭാ സുരേന്ദ്രന്‍ വീട്ടിലെത്തിയ ചിത്രങ്ങള്‍ തിരൂര്‍ സതീഷ് തന്നെയാണ് പുറത്തുവിട്ടത്. തിരൂര്‍ സതീഷിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്‍റെയും ഒപ്പം നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍റെ ഫോട്ടോയാണ് സതീഷ് പുറത്തുവിട്ടത്.

ശോഭാ സുരേന്ദ്രന്‍ സതീഷിന്റെ വീട്ടില്‍ പോയിട്ടില്ല എന്നത് നുണയാണെന്നാണ് സതീഷ് പറയുന്നത്. മാത്രമല്ല തന്റെ വീട്ടിലും തറവാട്ടിലും പലതവണ ശോഭാ സുരേന്ദ്രന്‍ വന്നിട്ടുണ്ടെന്നും താനുമായി പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ടെന്നും സതീഷ് പറഞ്ഞു. തനിക്ക് കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അറിയാമായിരുന്നെന്നും എല്ലാവരോടും തുറന്ന് പറയുമെന്നും പറഞ്ഞപ്പോള്‍ പറഞ്ഞുകൊള്ളാന്‍ ശോഭ സുരേന്ദ്രൻ പറഞ്ഞു. എല്ലാവരേയും അറിയിക്കേണ്ട സമയമാണെങ്കില്‍ അറിയിക്കാമെന്നും അവര്‍ പറഞ്ഞെന്ന് കഴിഞ്ഞദിവസം തിരൂര്‍ സതീഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം ശോഭാ സുരേന്ദ്രന്‍ നിഷേധിച്ചിരുന്നു. ഇതിനുള്ള തെളിവെന്നോണമാണ് തിരൂര്‍ സതീഷ് ഇപ്പോള്‍ ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്.

ഈ ഫോട്ടോ മാത്രമല്ല, ശോഭാ സുരേന്ദ്രന്‍ തന്റേയും കുടുംബത്തിന്റേയും കൂടെ വന്നതിന്റെയെല്ലാം ഫോട്ടോകളും മറ്റ് തെളിവുകളും തന്റെ പക്കലുണ്ടെന്നാണ് തിരൂര്‍ സതീഷ് പറയുന്നത്. ഇപ്പോള്‍ പങ്കുവെച്ച ഫോട്ടോ എടുത്തത് താനാണ്. അതുകൊണ്ടാണ് ഫോട്ടോയില്‍ ഉള്‍പ്പെടാതിരുന്നതെന്നും സതീഷ് പറയുന്നു.

എന്നാൽ തിരൂർ സതീഷ് ഇപ്പോൾ പുറത്ത് വിട്ട ഫോട്ടോ തൻ്റെ ചേച്ചിയുടെ വീട്ടിൽ സതീഷും കുടുംബവും വന്നപ്പോൾ എടുത്തതാണെന്നും സതീഷിൻ്റെ വീട്ടിൽ താൻ ഇതുവരെ പോയിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Continue Reading