KERALA
ആത്മകഥ താനറിയാതെ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഇ.പി. ജയരാജന്‍

കണ്ണൂര്‍: താനെഴുതാത്ത, തന്നോട് സമ്മതം ചോദിക്കാത്ത ആത്മകഥ താനറിയാതെ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഇടതു മുന്നണി മുന്‍ കണ്‍വീനർ ഇ.പി. ജയരാജന്‍. താന്‍ ആതമകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ലെന്നും ഇ.പി. ജയരാജന്‍്് കണ്ണൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.
പുസ്തക വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയെന്ന് ഇ.പി ജയരാജന്‍. എന്റെ പുസ്തകം ഞാനറിയാതെ എങ്ങനെ പ്രസിദ്ധീകരിക്കും. പുസ്തകം പ്രസിദ്ധീകരിച്ച കാര്യം മാധ്യമ വാര്‍ത്തകളിലാണ് അറിഞ്ഞത്. തികച്ചും തെറ്റായിട്ടുള്ള നിലപാടാണ് ഡിസി ബുക്‌സ് സ്വീകരിച്ചത്. ഞാനെഴുതിയ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കുന്നുവെന്ന് ഞാനറിഞ്ഞത് മാധ്യമ വാര്‍ത്തകളിലാണെന്നും ജയരാജന്‍ കുട്ടിച്ചേർത്തു.
‘ഞാൻ എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. എന്നോട് ഡി.സി. ബുക്‌സ് ചോദിച്ചിരുന്നു. മാതൃഭൂമി ബുക്‌സ് ചോദിച്ചിരുന്നു. അങ്ങനെ നിൽക്കുകയാണ് ഇതിന്റെ പ്രസിദ്ധീകരണത്തിനു വേണ്ട നടപടിക്രമം. എല്ലാം പൂർത്തീകരിച്ച്, ആകെയൊന്നു വായിച്ചുനോക്കി അതിന്റെ അടിസ്ഥാനത്തിൽ പൂർത്തീകരിച്ച് അച്ചടിക്കായി കൊടുക്കാം എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്.
ബുധനാഴ്ച രാവിലെ മുതലാണ് ഇടതുമുന്നണിയെ വെട്ടിലാക്കി ഇ.പി.യുടെ ആത്മകഥാ വിവാദം ചൂടുപിടിക്കുന്നത്. പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ആത്മകഥയിൽ പറയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി സരിനെതിരെയും വിമര്‍ശനമുള്ളതായും ആരോപണങ്ങൾ ഉയർന്നു.
എന്നാൽ, ഈ ആരോപണങ്ങളെ പൂർണമായും തള്ളി ഇ.പി രംഗത്തെത്തി. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ഒരു പത്രപ്രവർത്തകൻ്റെ സഹായത്തോടെയാണ് ആത്മകഥ തയ്യാറാവുന്നത്. അത് പൂര്‍ത്തിയായിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.