KERALA
ശബരിമല നട നാളെ തുറക്കും.നിലയ്ക്കലിൽ മൂന്നിടങ്ങളിലായി 8000 പേർക്കും പമ്പയിൽ ഏഴായിരം പേർക്കും വിരി വയ്ക്കാൻ സൗകര്യം

ശബരിമല : ശബരിമല നട നാളെ തുറക്കും. ഈ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. 15 മുതൽ 29 വരെയുള്ള തീയതികളിലെ എല്ലാ സമയത്തുമുള്ള എല്ലാ സ്ലോട്ടുകളിലും ബുക്കിങ് കഴിഞ്ഞു. 30ന് ഉച്ചയ്ക്ക് ശേഷമുള്ള ഏതാനും സ്ലോട്ടുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.
എഴുപതിനായിരം പേർക്കാണ് വെർച്വൽ ക്യൂ സംവിധാനം വഴി സമയക്രമം ലഭിക്കുന്നത്. അതേസമയം, പതിനായിരം പേർക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽനിന്ന് സ്പോട് ബുക്കിങ്ങിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ ഏതെങ്കിലും കാരണവശാൽ യാത്ര മാറ്റിവച്ചാൽ ബുക്കിങ് റദ്ദാക്കണം. അങ്ങനെ വരുമ്പോൾ സ്പോട് ബുക്കിങ്ങിലേക്ക് മാറും. റദ്ദാക്കിയില്ലെങ്കിൽ പിന്നീട് ഇവർക്ക് അവസരം ലഭിക്കില്ല. സ്പോട് ബുക്കിങ്ങിന് ആധാറോ പകർപ്പോ ഹാജരാക്കണം. ആധാറില്ലെങ്കിൽ വോട്ടർ ഐഡിയോ പാസ്പോർട്ടോ ഹാജരാക്കിയാൽ മാത്രമേ ബുക്കിങ് സാധ്യമാകൂ. ഇതിനായി പമ്പയിൽ 7 കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. നിലയ്ക്കലിൽ മൂന്നിടങ്ങളിലായി 8000 പേർക്കും പമ്പയിൽ ഏഴായിരം പേർക്കും വിരി വയ്ക്കാൻ സൗകര്യമുണ്ട്.
മണ്ഡല മകരവിളക്കുകാലത്ത് സന്നിധാനത്ത് തിരക്കു വർധിച്ചാൽ ദർശന സമയം അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബോർഡ് അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ അറിയിച്ചു. പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 3 മുതൽ രാത്രി 11 വരെയുമാണു മണ്ഡലകാലത്തെ ദർശന സമയം