KERALA
കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നു സുരേന്ദ്രൻ്റെ ഭീഷണി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപിയെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനേയും വെറുതെവിടില്ലെന്നും കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രന്‍ ഭീഷണി മുഴക്കി.
പാലക്കാട് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബി.ജെ.പിയിലുണ്ടായ വിമത നീക്കവും നേതൃത്വത്തോട് അതൃപ്തി അറിയിച്ച് നേതാക്കള്‍ രംഗത്തുവന്നതും ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ .
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവില്‍ നൂറ് കണക്കിന് ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിത്തേക്കാന്‍ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന ഒരു ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അത്തരം നെറികേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെവിടുകയുമില്ലെന്നും സുരേന്ദ്രന്‍ ഓർമ്മിപ്പിച്ചു
കഴിഞ്ഞ ദിവസവും വളരെ രൂക്ഷമായ ഭാഷയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളോട് കയര്‍ത്ത് സംസാരിച്ചിരുന്നു. തനിക്കെതിരെ മാധ്യമങ്ങള്‍ ‘ചവറ്’ വാര്‍ത്തകളാണ് നല്‍കുന്നതെന്നായിരുന്നു സുരേന്ദ്രന്റെ ആക്ഷേപം. ഇതിൻ്റെ പിന്നാലെയാണ് ഇന്ന് മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയത്.