NATIONAL
ബി.ജെ.പിയുടെ നിയമസംഹിത ഇന്നും മനുസ്മൃതിയാണ്, ഭരണഘടനയല്ലെന്ന് രാഹുൽ

ബി.ജെ.പിയുടെ നിയമസംഹിത ഇന്നും മനുസ്മൃതിയാണ്, ഭരണഘടനയല്ലെന്ന് രാഹുൽ
ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി കൊണ്ടുവരണമെന്ന് ശക്തമായി വിശ്വസിച്ച വ്യക്തിയാണ് വിനായക് ദാമോദര്‍ സവര്‍ക്കറെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭയില്‍ ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് ‘
ഇന്ത്യന്‍ ഭരണഘടനയിലെ ഏറ്റവും മോശമായ കാര്യം അതില്‍ ഭാരതീയമായി ഒന്നുമില്ല എന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. ഹിന്ദു രാഷ്ട്രത്തിന് വേദങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ആരാധ്യമായ ഗ്രന്ഥമാണ് മനുസ്മൃതിയെന്നും നൂറ്റാണ്ടുകളായി നമ്മുടെ രാഷ്ട്രത്തിന്റെ ആത്മീയവും ദൈവികവുമായ യാത്രയെ മനുസ്മൃതി ക്രോഡീകരിച്ചിരിക്കുന്നുവെന്നും പറഞ്ഞ വ്യക്തിയാണ് സവര്‍ക്കര്‍. ഭരണഘടന സംരക്ഷിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ പോരാണ് ഇന്ന് ഇവിടെ നടക്കുന്നത്. ഭരണഘടനയില്‍ മഹാത്മാഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്‌റുവിന്റെയും ആശയങ്ങളുണ്ട്. ഇന്ത്യയുടെ ഏറ്റവും നവീനവും മഹനീയവുമായ രേഖയാണ് ഭരണഘടനയെന്നുംരാഹുല്‍ ഗാന്ധി പറഞ്ഞു.ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു, സവര്‍ക്കറിനെ ഉദ്ധരിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്.
ബി.ജെ.പിയുടെ നിയമസംഹിത ഇന്നും മനുസ്മൃതിയാണ്, ഭരണഘടനയല്ല. സവര്‍ക്കറെ വിമര്‍ശിച്ചാല്‍ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബി.ജെ.പിയുടെ ശ്രമം. ഏകലവ്യന്റെ വിരല്‍ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യന്‍ യുവതയുടെ സ്ഥിതിയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അദാനിക്ക് അവസരം നല്‍കിയും ലാറ്ററല്‍ എന്‍ട്രി നല്‍കിയും രാജ്യത്തെ യുവാക്കള്‍ക്ക് അവസരം ഇല്ലാതാക്കുകയാണ്. നിങ്ങള്‍ ധാരാവി അദാനിക്കു നല്‍കുമ്പോള്‍ അവിടുത്തെ ചെറുകിട കച്ചവടക്കാരുടെ പെരുവിരലുകള്‍ മുറിക്കുകയാണ്. അദാനിക്കു തുറമുഖങ്ങളും വിമാനത്താവളങ്ങളും നല്‍കി നിങ്ങള്‍ അത് തന്നെ ചെയ്യുന്നു. നിങ്ങള്‍ സത്യസന്ധരായ വ്യവസായികളുടെ പെരുവിരല്‍ മുറിക്കുകയാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു,
ഭരണഘടനയില്‍ എഴുതിവയ്ക്കാത്ത വിഷയങ്ങളാണ് താന്‍ ഉന്നയിക്കുന്നത്. ഭരണഘടനക്കൊപ്പം നീതിനിഷേധവും ചര്‍ച്ച ചെയ്യപ്പെടണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. രാഹുലിന്റെ പ്രസംഗത്തിനിടെ പരിഹാസവുമായി ബി.ജെ.പി. രംഗത്തെത്തി.