Connect with us

KERALA

കേക്ക് വാങ്ങി എന്നുകരുതി ഞാന്‍ ആ പ്രസ്ഥാനത്തിന്റെ കൂടെ പോയി എന്നാണോ അർഥം : സുനിൽ കുമാറിന് മറുപടിയുമായ് എം.കെ വർഗീസ്

Published

on

തൃശ്ശൂര്‍: ക്രിസ്മസ് ദിനത്തില്‍ വീട്ടിലെത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കേക്ക് മുറിച്ചതില്‍ സി.പി.ഐ നേതാവ് വി.എസ് സുനില്‍ കുമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തൃശ്ശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്. കെ.സുരേന്ദ്രനെ സ്വീകരിച്ചത് സാമാന്യ മര്യാദയുടെ ഭാഗമാണെന്നും കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ലെന്നും മേയര്‍ പറഞ്ഞു. കേക്ക് വാങ്ങി എന്നുകരുതി ഞാന്‍ ആ പ്രസ്ഥാനത്തിന്റെ കൂടെ പോയി എന്നാണോ അര്‍ഥമെന്നും അദ്ദേഹം ചോദിച്ചു.
ക്രിസ്മസ്ദിനം നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹം പങ്കിടും. സ്നേഹം പങ്കിടാന്‍ വേണ്ടി കേക്കും കൊണ്ട് വീട്ടിലേക്ക് വരുമ്പോള്‍ നിങ്ങള്‍ കയറരുത് എന്ന് പറയാനുള്ള സംസ്‌കാരം എനിക്കില്ല. ഞങ്ങള്‍ സ്നേഹം പങ്കിടുന്നവരാണ്. അവര്‍ വന്നു, കേക്ക് തന്നു, ഞാന്‍ ഒരു കേക്ക് അദ്ദേഹത്തിനും കൊടുത്തു. ഇതാണോ തെറ്റ്? – എം.കെ വര്‍ഗീസ് ചോദിച്ചു.
സുനില്‍കുമാര്‍ എം.പിയാണെങ്കില്‍ അദ്ദേഹത്തിന് ബി.ജെ.പി കേക്ക് കൊടുത്താല്‍ വാങ്ങില്ലേ. ഒരു കേക്ക് വീട്ടിലേക്ക് ആരുകൊണ്ടുവന്നാലും ഞാന്‍ വാങ്ങില്ലേ. എന്നുകരുതി ഞാന്‍ ആ പ്രസ്ഥാനത്തിന്റെ കൂടെ പോയി എന്നാണോ. സുനില്‍ കുമാര്‍ ഇപ്പോള്‍ പുറത്താണ് നില്‍ക്കുന്നത് അതുകൊണ്ട് എന്തുപറയാം. ഞാന്‍ ഇടതുപക്ഷത്തിന്റെ ചട്ടക്കൂടില്‍ ഒരുമിച്ച് വളരെ സൗഹൃദത്തില്‍ ഇവിടെ പുരോഗതിക്ക് വേണ്ടി നില്‍ക്കുന്നയാളാണ്. അതിനെ ഇല്ലായ്മ ചെയ്യാന്‍ ഇങ്ങനെ പറയുന്നത് തെറ്റാണ്. ഇടതുപക്ഷത്തില്‍ നില്‍ക്കുന്ന ഒരാളാണ് ഇത് പറയുന്നത്. ഒരിക്കലും പറയാന്‍ പാടില്ല.
സുനില്‍ കുമാറിന് എന്നോട് എന്താണ് ഇത്ര ‘സ്നേഹ’മെന്ന് മനസിലാകുന്നില്ല. മേയര്‍ എന്ന നിലയില്‍ സുനില്‍ കുമാര്‍ തന്നെ കാണാന്‍ വന്നിട്ടില്ലെന്നും സ്ഥാനാര്‍ഥിയെന്ന നിലയില്‍ സുരേഷ് ഗോപി വന്നപ്പോള്‍ ചായ കൊടുത്തത് തെറ്റായിട്ട് തോന്നിയിട്ടില്ലെന്നും എം.കെ വര്‍ഗീസ് പറഞ്ഞു.

നേരത്തേ മേയര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് വി.എസ് സുനില്‍കുമാര്‍ ഉന്നയിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വേണ്ടി നേരിട്ടും പരോക്ഷമായും പ്രവര്‍ത്തിച്ച ഇടതുമുന്നണി മേയറാണ് എം.കെ വര്‍ഗീസെന്നും കേക്ക് മുറിച്ചതില്‍ അത്ഭുതമില്ലെന്നുമാണ് സുനില്‍കുമാര്‍ പ്രതികരിച്ചത്. എന്തുകൊണ്ടാണ് ബി.ജെ.പി തൃശ്ശൂര്‍ മേയറുടെ വീട്ടില്‍ മാത്രം പോയി കേക്ക് മുറിച്ചതെന്നും അദ്ദേഹം ചോദിച്ചു. ക്രിസ്മസ് ദിനത്തില്‍ എം.കെ വര്‍ഗീസിന്റെ വീട്ടിലെത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കേക്ക് മുറിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Continue Reading