NATIONAL
രാജ്യതലസ്ഥാനത്ത് വിധിയെഴുത്ത് ആരംഭിച്ചു. 70 സീറ്റുകളിലേക്കാണ് മത്സരം

ന്യൂഡൽഹി : അത്യന്തം വാശിയേറിയ കൊട്ടിക്കലാശത്തിന് പിന്നാലെ രാജ്യതലസ്ഥാനത്ത് ഇന്ന് വിധിയെഴുത്ത്. 70 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിനായി ഡൽഹി പോളിങ് ബൂത്തിലേക്ക്. ആംആദ്മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മത്സരത്തിനാണു ഡൽഹി വേദിയാകുന്നത്. എട്ടിനാണ് ഫലപ്രഖ്യാപനം. 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
13,766 പോളിങ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടർമാരാണ് വിധിയെഴുതുക. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തിലാണ് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത്. 10 വർഷമായി സീറ്റൊന്നും കിട്ടാത്ത കോൺഗ്രസിനും 27 വർഷമായി ഭരണത്തിനു പുറത്തിരിക്കുന്ന ബിജെപിക്കും ഇത് അഭിമാന പോരാട്ടമാണ്.
അധികാരത്തിലെത്തിയാൽ വൻ വാഗ്ദാനങ്ങളാണു പാർട്ടികൾ പ്രഖ്യാപിച്ചിട്ടുള്ളത്. സൗജന്യങ്ങളും ഇളവുകളുമാണു പ്രകടനപത്രികകളുടെ മുഖമുദ്രകൾ. നികുതി അടയ്ക്കാത്ത സ്ത്രീകൾക്ക് മാസം 21,000 രൂപ നൽകുമെന്നതാണ് എഎപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. സ്ത്രീകൾക്കു സൗജന്യ ബസ് യാത്രയടക്കമുള്ള വാഗ്ദാനങ്ങൾ വേറെ. മഹിള സമൃദ്ധി യോജനയിലൂടെ മാസം 2,500 രൂപയാണു ബിജെപി വാഗ്ദാനം. സാമ്പത്തികമായി പിന്നാക്കമുള്ള പെൺകുട്ടികളുടെ വിവാഹത്തിന് 50,000 രൂപ, ഗർഭിണികൾക്ക് 21,000 രൂപയും സൗജന്യ കാൻസർ പരിശോധനകളും തുടങ്ങിയവയും പട്ടികയിലുണ്ട്.