NATIONAL
വിജയം ഉറപ്പായതോടെ സർക്കാർ രൂപീകരണ ചർച്ചകൾക്ക് ബിജെപി തുടക്കമിട്ടു. മുഖ്യമന്ത്രി സാധ്യത ആർക്കൊക്കെ

വിജയം ഉറപ്പായതോടെ സർക്കാർ രൂപീകരണ ചർച്ചകൾക്ക് ബിജെപി തുടക്കമിട്ടു. മുഖ്യമന്ത്രി സാധ്യത ആർക്കൊക്കെ
ന്യൂഡൽഹി: കേന്ദ്രഭരണമുണ്ടായിട്ടും മൂക്കിന് താഴെയുള്ള ഡൽഹിയിൽ അധികാരം ഇല്ലാത്തത് ബിജെപിയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് കാലങ്ങളായി സൃഷ്ടിച്ചത്. 27 വർഷത്തിന് ശേഷം ആ പ്രതിസന്ധിക്ക് ബിജെപി പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. വിജയം ഉറപ്പായതോടെ സർക്കാർ രൂപീകരണ ചർച്ചകൾക്ക് ബിജെപി തുടക്കമിട്ടിരിക്കുകയാണ്
ഇന്ന് വൈകീട്ട് ഏഴ് മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും. 46 സീറ്റുകളിൽ ബിജെപി ആം ആദ്മിയുടെ പ്രമുഖ നേതാക്കളെ തറപറ്റിച്ച് മുന്നേറുമ്പോൾ എല്ലാവരുടെയും ചോദ്യം ഒന്ന് മാത്രമാണ്. ആരാണ് ഡൽഹിയിലെ മുഖ്യമന്ത്രി? പരിശോധിക്കാം സാദ്ധ്യതയുള്ള നേതാക്കൾ ആരൊക്കെയാണെന്ന്?
ആം ആദ്മിയുടെ പ്രബലനായ നേതാവ് അരവിന്ദ് കേജ്‌രിവാളിനെതിരെ ഇത്തവണ രംഗത്തിറക്കിയ മുൻ എംപി പർവേശ് സാഹിബ് സിംഗ് വർമ്മയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും കൂടുതൽ സാദ്ധ്യത. ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വർമ്മയുടെ മകൻ കൂടിയാണ് പർവേശ് സാഹിബ്.
നേരത്തെ വിവാദ പരാമർശങ്ങളുടെ പേരിൽ വാർത്തകളിൽ ഇടംനേടിയ ബിജെപിയുടെ രമേഷ് ബിധുരി ഡൽഹി മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള പ്രമുഖരിൽ ഒരാളാണ്. നിലവിലെ മുഖ്യമന്ത്രി അതിഷിക്കെതിരെ കൽക്കാജിയിൽ ലീഡ് ചെയ്യുന്നത് രമേശ് ബിധുരിയാണ്.
അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകളായ ബാൻസുരി സ്വരാജാണ് മുഖ്യമന്ത്രിയാകാൻ സാദ്ധ്യതയുള്ള മറ്റൊരു നേതാവ്. ഒരിക്കൽ അടൽ ബിഹാരി വാജ്‌പേയിയും എൽകെ അദ്വാനിയും കൈവശം വച്ചിരുന്ന ന്യൂഡൽഹി ലോക്സഭാ സീറ്റിൽ ജയിച്ച ബാൻസുരിയ്ക്കും വലിയ സാദ്ധ്യതയാണ് കൽപ്പിക്കുന്നത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച് ബിജെപിയുടെ പ്രധാന മുഖമായി മാറിയ സ്മൃതി ഇറാനി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ മത്സരരംഗത്തേക്ക് അവർ കടന്നുവന്നില്ല. പകരം ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത് സ്മൃതിയായിരുന്നു. അതുകൊണ്ട് തന്നെ സ്മൃതിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാദ്ധ്യത ഏറെയാണ്.
ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ ദുഷ്യന്ത് ഗൗതമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു നേതാവ്. ദളിത് നേതാവ് കൂടിയായ ദുഷ്യന്ത് കരോൾ ബാഗിൽ ആം ആദ്മിയുടെ വിശേഷ് രവിക്കെതിരെയാണ് മത്സരിച്ചത്.