Connect with us

NATIONAL

രാജ്യദ്രോഹികളായ ഡി.എം.കെയുടെ ഭരണം തമിഴ്‌നാട്ടില്‍ നിന്ന് തൂത്തെറിയുമെന്ന് അമിത് ഷാ.കുടുംബരാഷ്ട്രീയവും അഴിമതിയും നമ്മള്‍ അവസാനിപ്പിക്കും.

Published

on

കോയമ്പത്തൂര്‍: രാജ്യദ്രോഹികളായ ഡി.എം.കെയുടെ ഭരണം തമിഴ്‌നാട്ടില്‍ നിന്ന് തൂത്തെറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2026-ല്‍ തമിഴ്‌നാട്ടില്‍ എന്‍.ഡി.എ. സര്‍ക്കാരുണ്ടാക്കുമെന്നും അമിത്ഷാ കോയമ്പത്തൂരില്‍ പറഞ്ഞു. ബി.ജെ.പിയുടെ ജില്ലാ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യദ്രോഹികളായ ഡി.എം.കെയെ നമുക്ക് തമിഴ്‌നാട്ടില്‍ നിന്ന് തൂത്തെറിയണം. 2026-ല്‍ തമിഴ്‌നാട്ടില്‍ എന്‍.ഡി.എ. സര്‍ക്കാരുണ്ടാക്കും. ആ സര്‍ക്കാര്‍ ഇവിടെ പുതിയ യുഗത്തിന് തുടക്കമിടും. കുടുംബരാഷ്ട്രീയവും അഴിമതിയും നമ്മള്‍ അവസാനിപ്പിക്കും. സംസ്ഥാനത്തെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ വേരോടെ പിഴുതെറിയും.’ അമിത്ഷാ പറഞ്ഞു. മഹാരാഷ്ട്രയിലും ഹരിയാണയിലും ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ ബി.ജെ.പി. തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുമെന്ന് അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി.

തമിഴ്‌നാട്ടില്‍ ഭാഷാവിവാദം കത്തിനില്‍ക്കുന്നതിനിടെ, തമിഴിനെ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്ന് എന്ന് അമിത് ഷാ വിശേഷിപ്പിച്ചു. തമിഴ് ഭാഷയില്‍ സംസാരിക്കാന്‍ സാധിക്കാത്തതിന് മാപ്പ് പറഞ്ഞുകൊണ്ടാണ് അമിത് ഷാ തന്റെ പ്രസംഗം ആരംഭിച്ചത്. ഹിന്ദി നിര്‍ബന്ധമാക്കുന്ന കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ ഡി.എം.കെയും സ്റ്റാലിനും കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അമിത് ഷായുടെ ഈ പ്രസംഗം എന്നത് ശ്രദ്ധേയമാണ്.

‘2024 ബി.ജെ.പിക്ക് ചരിത്രപരമായ വര്‍ഷമാണ്. മോദി പ്രധാനമന്ത്രിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘകാലത്തിന് ശേഷം ആന്ധ്ര പ്രദേശില്‍ നമ്മള്‍ സര്‍ക്കാര്‍ രൂപവത്കരിച്ചു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ഹരിയാണയിലും വിജയിച്ചു. ജനങ്ങള്‍ ബി.ജെ.പിയില്‍ കൂടുതല്‍ വിശ്വാസമർപ്പിക്കുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. തമിഴ്‌നാട്ടില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ രൂപവത്കരിച്ചുകൊണ്ടാകും 2026 എന്ന വര്‍ഷം നമ്മള്‍ അവസാനിപ്പിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

Continue Reading