International
സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ. പാക്കിസ്താനിൽ വെള്ളപ്പൊക്ക ഭീഷണി

ശ്രീനഗർ: കശ്മീരിലെ റൈസി ജില്ലയിലെ സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ. പ്രദേശത്ത് മഴ കനത്തതോടെയാണ് ഇന്ത്യയുടെ ഈ നീക്കം. പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലും മഴ ശക്തമായിരുന്നു. ഇതോടെയാണ് അധികൃതർക്ക് ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടിവന്നത്. വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമോ എന്ന ഭീതി നിലനിൽക്കുന്നുണ്ട്.
സിന്ധു നദീ ജല കരാർ മരവിപ്പിച്ചതിന് ശേഷം ഇന്ത്യ മേഖലയിൽ തുറന്നുവിടുന്ന രണ്ടാമത്തെ ഡാം ആണ് സലാൽ. നേരത്തെ ഉറി ഡാമും ഇന്ത്യ തുറന്നുവിട്ടിരുന്നു. ഇതോടെ പാക് അധീന കശ്മീരിലെ താഴ്ന്ന മേഖലകളിൽ വെള്ളം കയറിയിരുന്നു.